കുവൈറ്റ് സിറ്റി: മുൻ ഭാര്യയെ മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത കേസിൽ കുവൈറ്റ് പൗരന് തടവിനു പുറമെ കനത്ത പിഴ ശിക്ഷയും വിധിച്ച് സിവിൽ കോടതി. മുൻ ഭാര്യക്ക് നഷ്ടപരിഹാരമായി 4,700 കുവൈറ്റ് ദീനാർ നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പ്രതിയായ മുൻ ഭർത്താവിൽ നിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക് ഇരയായ യുവതിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകയായ ഡോ. എലാഫ് അൽ-സാലിഹ് വഴിയാണ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. മറ്റൊരു വിവാഹ നിശ്ചയ ചടങ്ങിന് ഒപ്പം വരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാൾ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്.
സംഭവത്തിൽ ക്രിമിനൽ കോടതി നേരത്തെ പ്രതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് സസ്പെൻഡ് ചെയ്യുകയായിരുന്നു. ഇതിനുപുറമെയാണ് മുൻ ഭാര്യ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക ഉപദ്രവങ്ങൾക്കും പരിഹാരമായി സിവിൽ കോടതി പ്രതിയോട് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവിട്ടത്. ഗാർഹിക പീഡനങ്ങൾക്കും ഭീഷണികൾക്കുമെതിരെയുള്ള ശക്തമായ നിയമനടപടിയായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.



