കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിലെ സ്വകാര്യ മെഡിക്കൽ സെന്റർ സ്ഥിരമായി അടച്ചുപൂട്ടാനും പ്രവർത്തന ലൈസൻസ് റദ്ദാക്കാനും ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിട്ടു.
മെഡിക്കൽ സെന്ററിൽ കണ്ടെത്തിയ നിയമലംഘനങ്ങൾ സംബന്ധിച്ച രേഖകൾ ബന്ധപ്പെട്ട സാങ്കേതിക സമിതികൾക്ക് പരിശോധനയ്ക്കായി കൈമാറിയിരുന്നു. സമിതികളുടെ പരിശോധനയ്ക്ക് ശേഷമാണ് സ്ഥാപനം സ്ഥിരമായി അടച്ചുപൂട്ടാൻ തീരുമാനിച്ചത്.സ്ഥാപനത്തിന്റെ ഉടമയും മെഡിക്കൽ ഡയറക്ടറുമായ കുവൈത്ത് സ്വദേശിയായ ഡോക്ടർക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിനായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സ്ഥാപനത്തിലെ ഒരു ജീവനക്കാരനെതിരെ നിയമനടപടി സ്വീകരിക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്.
വൈദ്യശാസ്ത്ര അനുബന്ധ ആരോഗ്യ തൊഴിലുകളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 2020ലെ 70-ാം നമ്പർ നിയമത്തിലെ 75-ാം വകുപ്പ് പ്രകാരമാണ് നടപടി.രോഗികളുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിലെ പരിശോധനകൾ ശക്തമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതോ ആരോഗ്യ മേഖലയിലെ നിയമങ്ങൾ ലംഘിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം, അടച്ചുപൂട്ടിയ മെഡിക്കൽ സെന്ററിന്റെ പേരോ കണ്ടെത്തിയ നിയമലംഘനങ്ങളുടെ വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.



