കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി സാൽമിയയിലെ അമ്മാൻ സ്ട്രീറ്റും അൽ മുഗീറ ബിൻ ഷുഅ്ബ സ്ട്രീറ്റും സംഗമിക്കുന്ന ജങ്ഷൻ താൽക്കാലികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നവംബർ 26 വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ നവംബർ 29 ഞായറാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് ജങ്ഷൻ അടച്ചിടുക.
റോഡിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനുമാണ് താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.ഈ കാലയളവിൽ സാൽമിയയിലൂടെ യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാഫിക് നിർദേശങ്ങളും മുന്നറിയിപ്പ് ബോർഡുകളും പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.



