കുവൈത്ത് സിറ്റി: ഡെലിവറി ജീവനക്കാരനിൽനിന്ന് 200 കുവൈത്ത് ദിനാർ മോഷ്ടിച്ച കേസിൽ പൊലീസ് ഉദ്യോഗസ്ഥന് രണ്ട് വർഷത്തെ തടവുശിക്ഷ വിധിച്ചു.
കീഴ്‌ക്കോടതി വിധിച്ച രണ്ട് വർഷത്തെ കഠിനതടവ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. മോഷ്ടിച്ച പണം തിരികെ നൽകുകയും ഡെലിവറി ജീവനക്കാരൻ പരാതി പിൻവലിക്കുകയും ചെയ്തിട്ടും കോടതി ശിക്ഷ ശരിവച്ചു.ഏഷ്യൻ സ്വദേശിയായ ഡെലിവറി ജീവനക്കാരന്റെ വാഹനം പൊലീസ് കാറിലെത്തിയ ഉദ്യോഗസ്ഥൻ തടഞ്ഞുനിർത്തുകയായിരുന്നു. യൂണിഫോം ധരിച്ചിരുന്ന ഉദ്യോഗസ്ഥൻ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും വാഹനം പരിശോധിക്കുന്നതിനിടെ 200 ദിനാർ കൈക്കലാക്കി സ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.
ജീവനക്കാരന്റെ പരാതിയെ തുടർന്ന് ഫഹാഹീൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ അന്വേഷണത്തിൽ ഉദ്യോഗസ്ഥൻ നേരത്തെയും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നതായി കണ്ടെത്തി.
രണ്ട് കേസുകളിൽ നേരത്തെ ശിക്ഷ പ്രഖ്യാപിക്കാതെ കോടതി വിട്ടയച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.സാമ്പത്തിക പ്രതിസന്ധി മൂലമാണ് മോഷണം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ, മുൻകാല കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ പരിഗണിച്ച് ജഡ്ജി ഡോ. ഫഹദ് അബു സുലൈബിന്റെ അധ്യക്ഷതയിലുള്ള അപ്പീൽ കോടതി രണ്ട് വർഷത്തെ തടവുശിക്ഷ ശരിവയ്ക്കുകയായിരുന്നു.



