കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബർ അൽ-അഹമ്മദ് ഹോസ്പിറ്റലിലെ ‘ജാബർ സെന്റർ ഫോർ ഡയബറ്റിക് ഫൂട്ട് സർജറി ആൻഡ് ഹൈപ്പർബെയറിക് ഓക്സിജൻ തെറാപ്പി’ക്ക് അമേരിക്കയിലെ ‘സൊസൈറ്റി ഫോർ അണ്ടർസീ മെഡിസിൻ ആൻഡ് ഹൈപ്പർബെയറിക് മെഡിസിൻ’ നൽകുന്ന ലെവൽ IV അന്താരാഷ്ട്ര അക്രഡിറ്റേഷൻ ലഭിച്ചു.
സേവനങ്ങളുടെ ഗുണനിലവാരം, ഉപകരണങ്ങൾ, പ്രവർത്തന മാനദണ്ഡങ്ങൾ, സുരക്ഷ എന്നിവ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് കേന്ദ്രത്തിന് ഈ അംഗീകാരം ലഭിച്ചത്.അന്താരാഷ്ട്ര തട്ടത്തിലുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് രോഗികൾക്ക് അത്യാധുനിക പരിചരണം നൽകുന്നതിൽ കേന്ദ്രം പുലർത്തുന്ന പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
2023-ൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 520-ലധികം രോഗികൾ കേന്ദ്രത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 10,500-ത്തിലധികം ഹൈപ്പർബെയറിക് ഓക്സിജൻ തെറാപ്പി സെഷനുകൾ ഇവിടെ വിജയകരമായി പൂർത്തിയാക്കി. രക്തചംക്രമണ വ്യവസ്ഥയിലെ തകരാറുകൾ, ഉണങ്ങാൻ പ്രയാസമുള്ള മുറിവുകൾ, പെട്ടെന്നുണ്ടാകുന്ന കേൾവിശക്തി നഷ്ടപ്പെടൽ, മുങ്ങിമരണ അപകടങ്ങളിൽ പെടുന്നവരുടെ അവസ്ഥകൾ, കാർബൺ മോണോക്സൈഡ് വിഷബാധ തുടങ്ങിയ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കാണ് പ്രധാനമായും ഈ തെറാപ്പി നൽകിവരുന്നത്.



