കുവൈത്ത് സിറ്റി: ശൈത്യകാലം ചെലവഴിക്കാൻ റഷ്യയിൽ നിന്ന് ഏകദേശം 3,500 കിലോമീറ്റർ സഞ്ചരിച്ച് ഗ്രേറ്റർ സ്പോട്ടഡ് ഈഗിൾ വിഭാഗത്തിൽപ്പെട്ട ദേശാടന കഴുകന്മാർ കുവൈത്തിലെ ജഹ്റ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെത്തി. ജഹ്റ സംരക്ഷണ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെയാണ് കഴുകൻ കൂട്ടങ്ങളുടെ വരവ്.
പരിസ്ഥിതി പ്രവർത്തകൻ ഡോ. അബ്ദുല്ല അൽ സൈദാൻ കുവൈത്തിലെത്തിയ കഴുകന്മാരെ നിരീക്ഷിക്കുകയും അവയുടെ സാന്നിധ്യം രേഖപ്പെടുത്തുകയും ചെയ്തു. ആവശ്യത്തിന് ഭക്ഷണവും അനുയോജ്യമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയും ലഭിക്കുന്നതിനാലാണ് ഈ പക്ഷികൾ കുവൈത്തിനെ സുരക്ഷിത താവളമായി തിരഞ്ഞെടുക്കുന്നതെന്ന് അദ്ദേഹം അൽ റായ് ദിനപത്രത്തോട് പറഞ്ഞു.
റഷ്യ, ബെലാറസ്, യുക്രെയ്ൻ എന്നിവിടങ്ങളിലാണ് ഈ വിഭാഗത്തിൽപ്പെട്ട കഴുകന്മാർ പ്രധാനമായും കാണപ്പെടുന്നത്. കിഴക്കൻ പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ, മോൾഡോവ എന്നിവിടങ്ങളിലും ഇവ ചെറിയ തോതിൽ കാണപ്പെടുന്നുണ്ട്.
റഷ്യയിലെ വിവിധ പ്രദേശങ്ങളിൽ ജലഎലികളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന വിഷപദാർഥങ്ങൾ ഭക്ഷണത്തിലൂടെ കഴുകന്മാരുടെ ശരീരത്തിലെത്തുന്നതും അവയുടെ മരണത്തിന് കാരണമാകുന്നതായും ഇതുമൂലം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും അൽ സൈദാൻ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനം, ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, ഭക്ഷണ ദൗർലഭ്യം, അനധികൃത വേട്ടയാടൽ തുടങ്ങിയ നിരവധി വെല്ലുവിളികളാണ് ദേശാടനത്തിനിടെ ഈ പക്ഷികൾ നേരിടുന്നത്.
പ്രതികൂലമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ദേശാടന പക്ഷികളുടെ അതിജീവനത്തിനും സംരക്ഷണത്തിനും ജഹ്റ ഉൾപ്പെടെയുള്ള കുവൈത്തിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ നിർണായക പങ്കുവഹിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.



