കുവൈത്ത് സിറ്റി: കുവൈത്തിൽ വാരാന്ത്യത്തിൽ അന്തരീക്ഷ ഈർപ്പത്തിന്റെ തോത് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു. സജീവമാകുന്ന തെക്കുകിഴക്കൻ കാറ്റാണ് ഈർപ്പം വർധിക്കാൻ കാരണമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.കുവൈത്തിനൊപ്പം മറ്റ് ഗൾഫ് രാജ്യങ്ങളിലും തെക്കൻ ഇറാഖിന്റെ ചില ഭാഗങ്ങളിലും ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തീരദേശങ്ങളിലും കടൽ മേഖലകളിലുമാണ് ഇതിന്റെ സ്വാധീനം കൂടുതൽ അനുഭവപ്പെടുക.
കുവൈത്ത് സിറ്റി മുതൽ ദമ്മാം, അൽ ഖോബാർ വരെയും ബഹ്റൈൻ, ഖത്തർ, യുഎഇയുടെ തീരപ്രദേശങ്ങൾ വരെയും ഉയർന്ന ഈർപ്പത്തിന്റെ സ്വാധീനം പ്രകടമാകുമെന്ന് ഈസ റമദാൻ പറഞ്ഞു.അതേസമയം, ഞായറാഴ്ച മുതൽ കുവൈത്തിലും സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലും വടക്കുപടിഞ്ഞാറൻ കാറ്റ് വീശിത്തുടങ്ങുന്നതോടെ ഈർപ്പം കുറയും. ഈ കാലാവസ്ഥാ സാഹചര്യം അടുത്ത ആഴ്ചയുടെ അവസാനം വരെ തുടരാനാണ് സാധ്യത.
ഏകദേശം 13 ദിവസം നീണ്ടുനിൽക്കുന്ന ‘കുലൈബിൻ’ സീസണിന്റെ തുടക്കത്തോടൊപ്പമാണ് നിലവിലെ കാലാവസ്ഥാ മാറ്റം. ഓഗസ്റ്റ് 24ന് ശേഷം സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുന്നതോടെ കുലൈബിൻ കാലഘട്ടം അവസാനിക്കുകയും മേഖലയിലെ വേനൽക്കാലത്തിന്റെ വിവിധ ഘട്ടങ്ങൾക്കിടയിലെ ക്രമാനുഗതമായ മാറ്റത്തിന് തുടക്കമാകുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.



