വില ഉയരുമ്പോള്‍ വീടുകളിൽ വെറുതെയിരിക്കുന്ന പഴയ സ്വർണം വിറ്റ് പണമാക്കാൻ ആളുകൾ കൂട്ടത്തോടെ ജ്വല്ലറികളിലേക്ക് എത്തുന്നത് വിപണിയിലെ പതിവ് കാഴ്ചയാണ്. എന്നാൽ, മുൻവർഷത്തെ അപേക്ഷിച്ച് സ്വർണവില 60 ശതമാനത്തോളം കുതിച്ചുയർന്നിട്ടും, ഇന്ത്യക്കാർ പഴയ സ്വർണം വിൽക്കാൻ ഒട്ടും താല്പര്യപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.വേൾഡ് ഗോൾഡ് കൗൺസിലിന്റെ (WGC) കണക്കനുസരിച്ച് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ‘ഗോൾഡ് റീസൈക്ലിങ്’ നിരക്കാണ് ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ രേഖപ്പെടുത്തിയത്. അതായത്, കൈവശമുള്ള സ്വർണം വിറ്റ് പണമാക്കുന്ന രീതി വളരെ കുറഞ്ഞു. സാധാരണയായി ഉയർന്ന വില കിട്ടുമ്പോൾ ലാഭമെടുക്കാൻ വിൽപന കൂടാറുള്ളതാണ് വിപണിയിലെ രീതി. പക്ഷേ ഇത്തവണ കയ്യിലുള്ള സ്വർണം വിൽക്കുന്നതിന് പകരം, ആളുകൾ മറ്റ് വഴികളാണ് നോക്കുന്നത്.
സ്വർണം പൂർണ്ണമായി വിറ്റു കളയുന്നതിന് പകരം അത് ഈടായി നൽകി വായ്പയെടുക്കാനാണ് ഭൂരിഭാഗം പേർക്കും താല്പര്യം. അതായത് സ്വർണവായ്പയുടെ അളവ് വലിയ തോതില്‍ വർധിച്ചു. റീട്ടെയിൽ ഗോൾഡ് ലോണുകളിൽ പ്രതിവർഷം 100 ശതമാനത്തിലധികം വളർച്ചയാണ് ബാങ്കുകളിൽ മാത്രം ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ, കൈവശമുള്ള പഴയ സ്വർണം നൽകി പകരം പുതിയ ആഭരണങ്ങൾ വാങ്ങുന്ന ‘എക്സ്ചേഞ്ച്’ രീതിയും വൻതോതിൽ വർദ്ധിച്ചു. പല വലിയ ജ്വല്ലറികളിലും നടക്കുന്ന വിൽപനയുടെ 70 ശതമാനവും ഇത്തരം എക്സ്ചേഞ്ചുകളിലൂടെയാണെന്നതും ശ്രദ്ധേയമാണ്.
ഇനി വരും നാളുകളിൽ സ്വർണത്തിന് ഇതിലും ഉയർന്ന വില കിട്ടുമെന്ന പ്രതീക്ഷയും, ഭാവിയിലേക്കുള്ള മികച്ചൊരു നിക്ഷേപമായി സ്വർണത്തെ ആളുകൾ കാണുന്നതുമാണ് ഇതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ പണത്തിന് അത്യാവശ്യം വരുമ്പോൾ വിറ്റു കളയാതെ, ബാങ്ക് വായ്പ വഴിയോ എക്സ്ചേഞ്ച് സ്കീമുകൾ വഴിയോ ആവശ്യങ്ങൾ നിറവേറ്റാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോടും കുറഞ്ഞ കാരറ്റിലുള്ള സ്വർണത്തോടും ആളുകൾക്ക് താല്പര്യം ഏറിയതും ഈ ഉയർന്ന വിലയുടെ കാലത്താണ്.
സ്വർണത്തിന് ഡിമാൻഡ് കുറഞ്ഞതും ഉയർന്ന ഇറക്കുമതി തീരുവയും കാരണം ഇന്ത്യയിലേക്കുള്ള ഔദ്യോഗിക സ്വർണ ഇറക്കുമതിയിലും വലിയ കുറവുണ്ടായിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ ഉയർന്ന നികുതിയും ജി.എസ്.ടിയും കാരണം അനധികൃതമായി സ്വർണം കടത്തുന്ന പ്രവണതയും ഇതിനിടയിൽ വർദ്ധിച്ചിട്ടുണ്ട്. എന്തായാലും ഒന്നു വ്യക്തമാണ്; വില എത്ര തന്നെ ഉയർന്നാലും കയ്യിലുള്ള നിധി വിറ്റഴിച്ച് പണമാക്കാൻ ഇനിയത്ര എളുപ്പത്തിൽ ഇന്ത്യക്കാർ തയ്യാറാവില്ല. സ്വർണം കയ്യിൽ തന്നെ വെച്ച് അതിന്റെ മൂല്യം പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു.



