കുവൈറ്റ് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ 2025 വർഷത്തിൽ മാത്രം 11,700 പുതിയ താമസരേഖാ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ ഇമിഗ്രേഷൻ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് (2024-ൽ 10,700 കേസുകൾ) ആയിരത്തോളം പുതിയ നിയമലംഘനങ്ങളാണ് രാജ്യത്ത് വർദ്ധിച്ചിരിക്കുന്നത്. എന്നാൽ, പുതിയ കേസുകൾ കൂടിയെങ്കിലും രാജ്യത്തെ മൊത്തം താമസരേഖാ ലംഘകരുടെ എണ്ണത്തിൽ തുടർച്ചയായ കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
സുരക്ഷാ പരിശോധനകളും നിയമനടപടികളും കർശനമാക്കിയതോടെ രാജ്യത്തെ ആകെ ഇക്കാമ ലംഘകരുടെ എണ്ണം 81,500-ൽ നിന്നും (2024-ലെ കണക്ക്) 80,800 ആയി കുറഞ്ഞിട്ടുണ്ട്. പഴയ നിയമലംഘകരുടെ പദവി നിയമവിധേയമാക്കാനും ഒപ്പം പുതിയ ലംഘനങ്ങളെ കർശനമായി കണ്ടെത്താനും ഇമിഗ്രേഷൻ അധികൃതർക്ക് സാധിക്കുന്നുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽ പെർമിറ്റുകളുടെ വർദ്ധനവ് കാരണം കുവൈറ്റിലെ താമസക്കാരായ പ്രവാസികളുടെ എണ്ണത്തിൽ വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.



