കുവൈറ്റ് സിറ്റി: രാജ്യവും മേഖലയും കടന്നുപോകുന്ന അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് നുവൈസീബ് അതിർത്തി കടന്നുള്ള വാണിജ്യ ട്രക്കുകളുടെ വരവും പോക്കും സുഗമമാക്കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. നുവൈസീബ് ബോർഡർ ക്രോസിംഗിലെ ഓഡിറ്റ് ആൻഡ് ഡോക്യുമെന്റേഷൻ സൂപ്പർവൈസർ യൂസഫ് അൽ-ഫൈലകാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പ്രതിദിനം 400 മുതൽ 600 വരെ ട്രക്കുകൾ യാതൊരു തടസ്സവുമില്ലാതെ അതിർത്തി കടന്നുപോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തുറമുഖങ്ങളിലും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും കസ്റ്റംസ് ക്ലിയറൻസ് തടസ്സപ്പെട്ടതിനെത്തുടർന്ന് ചരക്കുകളെല്ലാം സൗദി അറേബ്യ വഴി നുവൈസീബ് അതിർത്തിയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്. ഇത് അതിർത്തിയിൽ ചെറിയ തിരക്കിന് കാരണമായിട്ടുണ്ടെങ്കിലും ട്രക്കുകളുടെ നീക്കം തടസ്സപ്പെട്ടിട്ടില്ലെന്ന് അൽ-ഫൈലകാവി ഉറപ്പുനൽകി. ആവശ്യമായ രേഖകൾ പൂർത്തിയാക്കുന്ന മുറയ്ക്ക് ഉടനടി ചരക്കുകൾ വിട്ടുകൊടുക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായുള്ള നിരന്തരമായ ഇലക്ട്രോണിക് ഏകോപനം ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തര പ്ലാനിന്റെ ഭാഗമായി അതിർത്തിയിൽ 24 മണിക്കൂറും പരിശോധനകളും ക്ലിയറൻസ് നടപടികളും തുടരുകയാണ്. രാജ്യത്തെ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിനായി ചരക്കുനീക്കം വേഗത്തിലാക്കാൻ കസ്റ്റംസ് വിഭാഗം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധി ഘട്ടത്തിലും ചരക്കുനീക്കം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്ന് അധികൃതർ വിലയിരുത്തി.
