.കുവൈത്ത് സിറ്റി: മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആരോഗ്യസേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പിലാക്കി. മാറാവ്യാധികളാൽ ബുദ്ധിമുട്ടുന്നവർക്കും മുതിർന്ന പൗരന്മാർക്കും ആശുപത്രികളിൽ നേരിട്ടെത്താതെ തന്നെ മരുന്നുകളും മറ്റ് മെഡിക്കൽ സാമഗ്രികളും ലഭ്യമാക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമാണ് മന്ത്രാലയം സജീവമാക്കിയിരിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വന്നതോടെ രോഗികൾക്ക് തങ്ങളുടെ വീടിനടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്നുകൾ കൈപ്പറ്റാൻ സാധിക്കും.ചില പ്രധാന ആശുപത്രികളിൽ ഇതിനോടകം തന്നെ ഈ സ്മാർട്ട് സംവിധാനം വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞു. രോഗികളുടെ സമയം ലാഭിക്കുന്നതിനും കൃത്യതയോടെ മരുന്നുകൾ വിതരണം ചെയ്യുന്നതിനുമായാണ് അത്യാധുനിക സ്മാർട്ട് ഉപകരണങ്ങളുടെയും സോഫ്റ്റ്‌വെയറുകളുടെയും സഹായം തേടുന്നത്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മരുന്നുകൾക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിക്കുന്നത് മുതൽ മരുന്ന് രോഗിക്ക് കൈമാറുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും ഡിജിറ്റലായി നിരീക്ഷിക്കപ്പെടുന്നതിനാൽ തെറ്റുകൾ സംഭവിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു. പ്രായമായവർക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്കും ആശുപത്രികളിലെ തിരക്കിൽപ്പെടാതെ ആശ്വാസകരമായ രീതിയിൽ സേവനം എത്തിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
കുവൈത്തിൽ ആരോഗ്യരംഗത്ത് ഡിജിറ്റൽ വിപ്ലവം; ഒറ്റ ക്ലിക്കിൽ മരുന്നുകൾ ഇനി രോഗികളുടെ അരികിലെത്തും
COMMUNITY
INTERNATIONAL
