കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ ഭാഗമായ മംഗഫ് മേഖലയിൽ താമസകെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം അണച്ചതായി ജനറൽ ഫയർ ഫോഴ്സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു. ഇന്ന് പുലർച്ചെ ശത്രു ഡ്രോൺ ആക്രമണത്തെ തുടർന്ന് കെട്ടിടത്തിൽ തീപിടിച്ചതായാണ് അധികൃതർ വ്യക്തമാക്കിയത്. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
സംഭവസ്ഥലത്തെത്തിയ ഉടൻ ഫയർഫോഴ്സ് സംഘങ്ങൾ കെട്ടിടത്തിലുള്ള എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും, പിന്നീട് തീ നിയന്ത്രണത്തിലാക്കി അണയ്ക്കുകയും ചെയ്തു. പരിക്കേറ്റവരെ ബന്ധപ്പെട്ട അധികാരികൾ ചികിത്സയ്ക്ക് മാറ്റിയതായും അറിയിച്ചു.
അധികൃതർ വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും, അഭ്യൂഹങ്ങളെയും തെറ്റായ വാർത്തകളെയും വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ഫയർഫോഴ്സ് ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ അറിയിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.

