കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തെക്കൻ ഭാഗമായ മംഗഫ് മേഖലയിലെ ഒരു താമസകെട്ടിടത്തെ ലക്ഷ്യമാക്കി ശത്രു ഡ്രോൺ ആക്രമണം നടന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ഈ സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റതോടൊപ്പം കെട്ടിടത്തിന് വസ്തുനാശവും സംഭവിച്ചു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രോൺ ആക്രമണത്തെ തുടർന്ന് ഉണ്ടായ തീപിടിത്തം ഫയർഫോഴ്‌സ് സംഘങ്ങൾ നിയന്ത്രണത്തിലാക്കി അണച്ചതായി. സ്ഥലത്തെത്തിയ ഉടൻ കെട്ടിടത്തിലെ എല്ലാ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിക്കുകയും തുടർന്ന് തീ അണയ്ക്കുകയും ചെയ്തതായി ജനറൽ ഫയർ ഫോഴ്‌സിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു,
സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെയും അൽ-അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ പരിശോധനകൾ പ്രകാരം ഇരുവരുടെയും പരിക്ക് ലഘുവായതാണെന്ന് കണ്ടെത്തിയാതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു.
രോഗികളിൽ ഒരാളെ ആരോഗ്യനില സ്ഥിരതയുള്ളതിനാൽ ആശുപത്രിയിൽ നിന്ന് വിട്ടയച്ചിട്ടുണ്ടെന്നും, മറ്റൊരാൾ ഇപ്പോഴും വൈദ്യപരിശോധനയ്ക്കായി നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ എല്ലാ അടിയന്തര സാഹചര്യങ്ങൾക്കും പൂർണ്ണ സജ്ജമാണെന്നും, സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അധികൃത ഉറവിടങ്ങളിൽ നിന്ന് മാത്രം സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

