കുവൈത്ത്സിറ്റി: ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി മഴയുടെ അളവിൽ വൻ വർദ്ധനവുണ്ടായതായി ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്. 1980 മുതൽ 2010 വരെയുള്ള ദീർഘകാല ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 2024-ൽ ഗൾഫ് മേഖലയിലാകെ 49.4 ശതമാനം അധിക മഴ രേഖപ്പെടുത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘2024-ലെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ’ എന്ന റിപ്പോർട്ടിൽ, മേഖലയിലെ താപനിലയിൽ വലിയ വ്യതിയാനമില്ലാതെ സ്ഥിരത തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 2012 മുതൽ 2024 വരെയുള്ള കാലയളവിൽ 23 നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരിടത്തും പരമാവധി താപനില 49 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടില്ല.
അതേസമയം, ഹരിത ഊർജ്ജ രംഗത്ത് ഗൾഫ് രാഷ്ട്രങ്ങൾ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. സൗരോർജ്ജ ഉൽപ്പാദന ശേഷിയിൽ 2013 മുതൽ 2024 വരെയുള്ള കാലയളവിൽ പ്രതിവർഷം 88.1 ശതമാനം എന്ന നിരക്കിൽ വളർച്ചയുണ്ടായി. 2013-ൽ കേവലം 0.13 ആയിരം ജിഗാവാട്ട് അവർ ആയിരുന്ന സൗരോർജ്ജ ഉൽപ്പാദനം 2023-ൽ 23.5 ആയിരം ജിഗാവാട്ട് അവർ ആയി കുതിച്ചുയർന്നു. സമാനമായ രീതിയിൽ വിൻഡ് എൻർജി രംഗത്തും വലിയ മുന്നേറ്റമുണ്ടായി. 2015-ൽ 4.8 മെഗാവാട്ട് ആയിരുന്ന ശേഷി 2024-ൽ 567 മെഗാവാട്ടായി ഉയർന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി എല്ലാ ജിസിസി രാജ്യങ്ങളും അത്യാധുനികമായ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
