കുവൈത്ത് സിറ്റി: ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റിന്റെ സാങ്കേതിക സംവിധാനങ്ങളിലുണ്ടായ തകരാറിനെത്തുടർന്ന് വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനും (ട്രാൻസ്ഫർ) പുതുക്കുന്നതിനുമുള്ള സേവനങ്ങൾ കുവൈത്തിൽ താൽക്കാലികമായി നിർത്തിവെച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് ‘സഹേൽ’ ആപ്ലിക്കേഷൻ വഴി നൽകി വന്നിരുന്ന ഈ സേവനങ്ങളാണ് സാങ്കേതിക പ്രശ്‌നം മൂലം നിലച്ചിരിക്കുന്നത്. തകരാർ പരിഹരിക്കുന്നത് വരെ ഈ സേവനങ്ങൾ ലഭ്യമാകില്ലെന്ന് സഹേൽ അധികൃതർ അറിയിച്ചു.നിലവിലെ സാങ്കേതിക തടസ്സങ്ങൾ വേഗത്തിൽ പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇൻഷുറൻസ് റെഗുലേറ്ററി യൂണിറ്റ്. പൗരന്മാർക്കും താമസക്കാർക്കും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിനായി എത്രയും വേഗം സിസ്റ്റം പൂർവ്വസ്ഥിതിയിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. സാങ്കേതിക പ്രശ്‌നം പരിഹരിച്ചാലുടൻ സേവനങ്ങൾ പുനരാരംഭിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുകൾക്കായി കാത്തിരിക്കണമെന്നും അധികൃതർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്ന വലിയൊരു വിഭാഗം ആളുകൾക്ക് ഈ താൽക്കാലിക തടസ്സം പ്രയാസമുണ്ടാക്കുന്നുണ്ടെങ്കിലും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അറിയിപ്പിൽ പറയുന്നു.
കുവൈത്തിൽ വാഹന ഉടമസ്ഥാവകാശം കൈമാറുന്നതിനും പുതുക്കുന്നതിനും തടസം; സഹേൽ ആപ്പിലെ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു
COMMUNITY
INTERNATIONAL
