കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന മൂന്ന് ഭീകര സെല്ലുകളെ പിടികൂടി കുവൈത്ത് ആഭ്യന്തര മന്ത്രാലയം വൻ അട്ടിമറി നീക്കം പരാജയപ്പെടുത്തി. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കടന്നുകയറ്റ ശ്രമങ്ങൾക്ക് ഒത്താശ നൽകുകയും രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തവരാണ് പിടിയിലായതെന്ന് അധികൃതർ സ്ഥിരീകരിച്ചു. രാജ്യസുരക്ഷാ വിഭാഗം (സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ്) 24 മണിക്കൂറും അതീവ ജാഗ്രതയോടെ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഈ നിർണ്ണായക അറസ്റ്റ് രേഖപ്പെടുത്തിയത്.പിടിയിലായവർ ചെയ്തത് മാപ്പർഹിക്കാത്ത രാജ്യദ്രോഹമാണെന്ന് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ കേണൽ ഉസ്മാൻ ഗരീബ് വ്യക്തമാക്കി. ശത്രുരാജ്യവുമായി സഹകരിച്ച് സ്വന്തം നാടിനെ അപകടത്തിലാക്കാൻ ശ്രമിച്ച ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. വ്യക്തിപരമായോ കൂട്ടമായോ സോഷ്യൽ മീഡിയ വഴിയോ ഇത്തരം രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നവരും തുല്യകുറ്റക്കാരായി പരിഗണിക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തോടും ജനങ്ങളോടും കൂറില്ലാത്തവർക്കും ഗൂഢലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്നവർക്കും കുവൈത്തിൽ സ്ഥാനമുണ്ടാകില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കുവൈത്തിൽ ഇറാൻ അനുകൂല ഭീകരശൃംഖലകൾ തകർത്തു; മൂന്ന് സെല്ലുകൾ പിടിയിൽ, രാജ്യദ്രോഹികൾക്ക് കടുത്ത മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
COMMUNITY
INTERNATIONAL
