കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി പ്രവാസികൾക്കും ദക്ഷിണേന്ത്യക്കാർക്കും വലിയ ആശ്വാസമേകി പ്രമുഖ ബജറ്റ് എയർലൈനായ ജസീറ എയർവേയ്സ് ഇന്ത്യയിലേക്ക് നാല് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. കേരളത്തിലെ കോഴിക്കോട്, കണ്ണൂർ എന്നീ വിമാനത്താവളങ്ങൾക്ക് പുറമെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, കർണാടകയിലെ മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്. സൗദി അറേബ്യയിലെ ദമ്മാം വിമാനത്താവളം വഴിയായിരിക്കും ഈ സർവീസുകൾ നടത്തുന്നതെന്ന് കമ്പനി ബുധനാഴ്ച അറിയിച്ചു.
പുതിയ സർവീസുകളുടെ സമയക്രമം
കോഴിക്കോട്: ഏപ്രിൽ 8 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ (ഞായർ, ബുധൻ).കണ്ണൂർ: ഏപ്രിൽ 14 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ (ചൊവ്വ, വെള്ളി).തിരുച്ചിറപ്പള്ളി: ഏപ്രിൽ 7 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ (ഞായർ, ചൊവ്വ).
മംഗലാപുരം: ഏപ്രിൽ 9 മുതൽ ആഴ്ചയിൽ രണ്ട് സർവീസുകൾ (തിങ്കൾ, വ്യാഴം).മാർച്ച് 20-ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിന് ശേഷം ഇതുവരെ 11,000-ത്തിലധികം ഇന്ത്യൻ യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചതായി ജസീറ എയർവേയ്സ് സിഇഒ പ്രതൻ ബസുപതി പറഞ്ഞു. പുതിയ സർവീസുകൾ കൂടി ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ജസീറയുടെ ലക്ഷ്യസ്ഥാനങ്ങൾ 8-ൽ നിന്ന് 12-ലേക്ക് ഉയരും.
നിലവിൽ കൊച്ചി, തിരുവനന്തപുരം, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ജസീറ സർവീസ് നടത്തുന്നുണ്ട്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾക്കിടയിലും അത്യാവശ്യ യാത്രക്കാർക്കും തൊഴിൽ മേഖലയിലുള്ളവർക്കും നാട്ടിലേക്ക് മടങ്ങുന്നതിനും ചരക്ക് നീക്കം സുഗമമാക്കുന്നതിനും ഈ വിപുലീകരണം സഹായകമാകുമെന്ന് കമ്പനി വിലയിരുത്തുന്നു. കുവൈറ്റും ഇന്ത്യയും തമ്മിലുള്ള വ്യോമബന്ധം ശക്തമാക്കുന്ന ജസീറയുടെ ഈ നീക്കത്തെ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ ചെയർമാൻ ഖൈസർ ഷാക്കർ സ്വാഗതം ചെയ്തു.
