കുവൈത്ത് സിറ്റി: അമേരിക്ക–ഇസ്രായേൽ–ഇറാൻ സംഘർഷം ശക്തമാകുന്നതിനിടെ ലോകമെമ്പാടുമുള്ള വിമാന സർവീസുകൾ ഗുരുതര പ്രതിസന്ധി നേരിടുന്നു. വിമാനങ്ങൾ റദ്ദാക്കുകയും ഇന്ധനവില കുത്തനെ ഉയരുകയും ചെയ്തതോടെ വിമാന ടിക്കറ്റ് നിരക്കുകളും ഉയർന്നിരിക്കുകയാണ്.
ലോകത്തിലെ മുൻനിര 20 എയർലൈൻ കമ്പനികൾക്ക് ഏകദേശം 53 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാകാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെന്നാണ്. എന്നാൽ ഈ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്ന് ട്രാവൽ മേഖലയിലെ വിദഗ്ധർ പറയുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചില റൂട്ടുകളിൽ വിമാന സർവീസുകൾ കുറയുകയും ആവശ്യകത ഉയരുകയും ചെയ്തതോടെ ടിക്കറ്റ് നിരക്കുകൾ ഉയർന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാൽ 200% മുതൽ 300% വരെ വിലവർധനയെന്ന റിപ്പോർട്ടുകൾ പലപ്പോഴും അതിശയോക്തിയാണെന്നും ചില അപൂർവ സംഭവങ്ങളിൽ മാത്രമാണെന്നുമാണ് റിപ്പോർട്ട്. യുദ്ധത്തെ തുടർന്ന് എണ്ണവില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നതോടെ പല എയർലൈൻസുകളും ഇന്ധന സർചാർജ് കൂട്ടിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ ചില റൂട്ടുകളിൽ 11% മുതൽ 135% വരെ നിരക്കുകൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.
യുദ്ധത്തിന്റെ ഭാഗമായി അപകടകരമായ വ്യോമപാതകൾ ഒഴിവാക്കാൻ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയും പല സർവീസുകളും റദ്ദാക്കുകയും ചെയ്തതോടെ ഗൾഫ് മേഖലയിലെ എയർലൈൻ കമ്പനികൾക്ക് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഖത്തർ എയർവേയ്സ് മാർച്ച് 18 ന് മിഡിൽ ഈസ്റ്റ് മേഖലയിലെ 80% സർവീസുകളും റദ്ദാക്കി, അതേസമയം ബ്രിട്ടീഷ് എയർവേയ്സ് 65% സർവീസുകൾ റദ്ദാക്കി.ആഗോള വിമാന വ്യവസായം കോവിഡ് മഹാമാരിക്ക് ശേഷം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
