കുവൈറ്റ് സിറ്റി: ഇറാൻ പ്രകോപനത്തെത്തുടർന്ന് മേഖലയിൽ നിലനിൽക്കുന്ന അസാധാരണ സാഹചര്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ കുവൈറ്റ് സുരക്ഷാ സേന സജ്ജം. കഴിഞ്ഞ ഒരു മാസത്തിലധികമായി തുടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രാജ്യത്തുടനീളം പരിശോധനകൾ കർശനമാക്കുകയും സുരക്ഷാ ചെക്ക് പോയിന്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും ഉയർന്ന തലത്തിലുള്ള ജാഗ്രതയാണ് സുരക്ഷാ വകുപ്പുകൾ പുലർത്തുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ ക്രമസമാധാന നില നിലനിർത്തുന്നതിനുമായി വിവിധ ഭാഗങ്ങളിൽ തന്ത്രപ്രധാനമായ രീതിയിൽ ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ കുവൈറ്റ് സുരക്ഷാ സേന സജ്ജമാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ ക്രമീകരണങ്ങൾ. പകലും രാത്രിയും വിശ്രസമില്ലാതെ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥർ പൗരന്മാരുടെയും താമസക്കാരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. വെറുമൊരു മുൻകരുതൽ നടപടി എന്നതിലുപരി, ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന കർശനമായ സന്ദേശമാണ് ഈ സുരക്ഷാ വിന്യാസത്തിലൂടെ അധികൃതർ നൽകുന്നത്.
രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന വിപുലമായ സുരക്ഷാ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഓരോ ചെക്ക് പോയിന്റുകളും പ്രവർത്തിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തരമായ സാന്നിധ്യം രാജ്യത്തെ ജനങ്ങൾക്കിടയിൽ സുരക്ഷിതബോധം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മേഖലയിലെ ലോജിസ്റ്റിക്സ് തടസ്സങ്ങൾക്കിടയിലും ആഭ്യന്തര സമാധാനം ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
