കുവൈത്ത് സിറ്റി: ജഹ്റയിലും മുബാറക് അൽ-കബീർ ഗവർണറേറ്റുകളിലും നടത്തിയ പരിശോധനാ നടപടികളിൽ 7 സെൻട്രൽ മാർക്കറ്റുകൾ അടച്ചതായും 32 നിയമലംഘനങ്ങൾ കണ്ടെത്തിയതായും കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, വാണിജ്യ-വ്യവസായ മന്ത്രി ഒസാമ ബുദൈയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനാ ക്യാമ്പെയിനുകളിലാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് വ്യക്തമാക്കി. വിപണികളിൽ കടകൾ പരിശോധിച്ച് മന്ത്രാലയ ഉത്തരവുകളും വിലനിയന്ത്രണ നിയമങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയായിരുന്നു.
മുബാറക് അൽ-കബീർ ഗവർണറേറ്റിൽ പ്രാദേശിക പച്ചക്കറികളുടെ വില ഉയർത്തിയതിനാൽ 18 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ കോഴിയുടെ വില അനധികൃതമായി വർധിപ്പിച്ചതിന് ഒരു കേസും രേഖപ്പെടുത്തി.
ജഹ്റ ഗവർണറേറ്റിൽ 13 നിയമലംഘന റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്ത് പ്രതികളെ കൊമേഴ്ഷ്യൽ പ്രോസിക്യൂഷനിലേക്ക് കൈമാറി. കൂടാതെ വിലസ്ഥിരത സംബന്ധിച്ച മന്ത്രാലയ ഉത്തരവ് ലംഘിക്കുകയും കൃത്രിമമായി വില ഉയർത്തുകയും ചെയ്തതിനാൽ 7 സെൻട്രൽ മാർക്കറ്റുകൾ അടച്ചുപൂട്ടി.വിപണികളിൽ വിലനിയന്ത്രണം ഉറപ്പാക്കാനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കാനും പരിശോധനാ നടപടികൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

