കുവൈറ്റ് സിറ്റി: കുവൈറ്റിന് പുറത്തുള്ള വിദ്യാലയങ്ങളുടെ നവീകരണത്തിനായി കുവൈറ്റ് റെഡ് ക്രസന്റ് സൊസൈറ്റി ധനസമാഹരണം നടത്തുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സന്ദേശങ്ങൾ തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്നതും പൊതുജനങ്ങളെ വഴിതെറ്റിക്കുന്നതുമാണെന്ന് സൊസൈറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
സംഘടനയുടെ പേരും അംഗങ്ങളുടെ വിവരങ്ങളും ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഇത്തരം വ്യാജ അവകാശവാദങ്ങളെ ശക്തമായി അപലപിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.ഇന്റർനാഷണൽ റെഡ് ക്രോസ് – റെഡ് ക്രസന്റ് മൂവ്മെന്റിലെ അംഗമെന്ന നിലയിൽ അന്താരാഷ്ട്ര ഫെഡറേഷനിൽ നിന്നും മറ്റ് ദേശീയ സൊസൈറ്റികളിൽ നിന്നും നിരവധി അപ്പീലുകളും റിപ്പോർട്ടുകളും തങ്ങൾക്ക് ലഭിക്കാറുണ്ട്.
എന്നാൽ ഇത്തരം റിപ്പോർട്ടുകൾ ഔദ്യോഗികമായ അറിവിലേക്കായി ലഭിക്കുന്നവ മാത്രമാണെന്നും അവ നടപ്പിലാക്കാനോ അംഗീകരിക്കാനോ ഉള്ള തീരുമാനം സൊസൈറ്റി കൈക്കൊണ്ടിട്ടില്ലെന്നും കുവൈറ്റ് റെഡ് ക്രസന്റ് വ്യക്തമാക്കി. ഔദ്യോഗിക ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കുന്നതല്ലാതെ, നിലവിൽ വിദേശ സ്കൂളുകളുടെ നവീകരണത്തിനായി യാതൊരുവിധ സാമ്പത്തിക സഹായവും തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ സൊസൈറ്റി, ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.
