കുവൈത്ത്സിറ്റി: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടി അഹോരാത്രം പ്രയത്നിക്കുന്ന മുൻനിര പോരാളികളുടെ നിസ്തുലമായ സേവനങ്ങളെ ആദരിക്കുന്നതിനായി കുവൈറ്റിൽ പുതിയ ദേശീയ സംരംഭം.
രാജ്യത്തോടുള്ള കൂറും അർപ്പണബോധവും വിളിച്ചോതുന്ന ‘സഹ്രത് അൽ-അർഫാജ്’ എന്ന ദേശീയ കാമ്പയിന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറുന്ന പോരാളികളുടെ വീര്യത്തിന് കരുത്തുപകരാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.പ്രതികൂല സാഹചര്യങ്ങളിലും കരുത്തോടെ അതിജീവിക്കുന്നതിന്റെ പ്രതീകമായ ‘അർഫാജ്’ പുഷ്പത്തെ മുൻനിർത്തിയാണ് ഈ കാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ കാവലാളുകളായി സേവനമനുഷ്ഠിക്കുന്ന ഹീറോകളുടെ ത്യാഗങ്ങളെയും അവരുടെ നിർണ്ണായക പങ്കിനെയും സമൂഹം എത്രത്തോളം വിലമതിക്കുന്നു എന്നതിന്റെ അടയാളമായാണ് ഈ സംരംഭം കാണപ്പെടുന്നത്. മാതൃരാജ്യത്തോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കുന്ന ഇത്തരം ദേശീയ ഉദ്യമങ്ങൾ സമൂഹത്തിൽ വലിയ ചലനം സൃഷ്ടിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വിലയിരുത്തുന്നു.
