കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ വീടുകളിലും വാഹനങ്ങളിലുമുള്ള 21 മിസൈൽ – ഡ്രോൺ ഷ്രാപ്പ്‌നൽ പതിച്ച റിപ്പോർട്ടുകൾ സ്ഫോടക വസ്തു നിർവീര്യമാക്കൽ (EOD) സംഘങ്ങൾ കൈകാര്യം ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവങ്ങളിൽ ചിലർക്കു പരിക്കേറ്റെങ്കിലും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
ആക്രമണം ആരംഭിച്ചതിനുശേഷം ഷ്രാപ്പ്‌നൽ വീഴ്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളുടെ ആകെ എണ്ണം 699 ആയി ഉയർന്നതായി മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബുസ്ലൈബ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ സൈറൺ മുന്നറിയിപ്പ് ഏഴ് തവണ സജീവമാക്കിയതോടെ, ആക്രമണം ആരംഭിച്ചതിന് ശേഷം മൊത്തം സൈറൺ സജീവമാക്കിയതിന്റെ എണ്ണം 178 ആയി.
ഭീഷണി സാധ്യതയുള്ള പ്രദേശങ്ങൾക്കുള്ളിലും പുറത്തും വീഴുന്ന അവശിഷ്ടങ്ങളെയും സംശയാസ്പദ വസ്തുക്കളെയും സുരക്ഷാ വിഭാഗങ്ങൾ ഉടൻ കൈകാര്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷ്രാപ്പ്‌നൽ വീണ സ്ഥലങ്ങളിൽ ജനങ്ങൾ കൂടി നിൽക്കരുതെന്നും തിരിച്ചറിയാത്ത വസ്തുക്കൾക്ക് സമീപിക്കരുതെന്നും, അടിയന്തര സംഘങ്ങൾ എത്തുന്നതുവരെ കാത്തിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അതേസമയം മരണങ്ങൾ സംഭവിച്ചതായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ പരിക്കുകൾ മാത്രമാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ അധികൃത ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
