കുവൈറ്റ് സിറ്റി: വരും തലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുന്നതിനായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം നിർണ്ണായകമായ ഒരു ചുവടുവെപ്പിനൊരുങ്ങുന്നു. അടുത്ത അധ്യയന വർഷം മുതൽ മിഡിൽ സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്നുകളെയും ലഹര പദാർത്ഥങ്ങളെയും കുറിച്ചുള്ള അവബോധം നൽകുന്ന പ്രത്യേക വിഷയം നിർബന്ധിതമാക്കാൻ തീരുമാനിച്ചതായി ഡ്രഗ് ലോ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ കൗൺസിലർ മുഹമ്മദ് അൽ ദുഐജ് അറിയിച്ചു. വിദ്യാർത്ഥികളിൽ അവബോധം വളർത്തുന്നതിനും ലഹരിയുടെ വിനാശകരമായ സ്വാധീനത്തിൽ നിന്ന് അവരെ കാത്തുസൂക്ഷിക്കുന്നതിനുമായി കമ്മിറ്റിയും മറ്റ് ബന്ധപ്പെട്ട അധികാരികളും ഉന്നയിച്ച ആവശ്യം മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പഠനം പാഠ്യപദ്ധതിയിൽ ഒരു നിർബന്ധിത വിഷയമായി ഉൾപ്പെടുത്തുന്ന ആദ്യത്തെ അറബ് രാജ്യമായി കുവൈറ്റ് ഇതോടെ മാറുമെന്ന് അൽ ദുഐജ് വ്യക്തമാക്കി. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ കൂടാതെ അക്രമങ്ങൾ, മോഷണം, ബുള്ളിയിംഗ് , സൈബർ കുറ്റകൃത്യങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി പഠിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്താബായിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയതായും അദ്ദേഹത്തിൽ നിന്ന് വളരെ അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനാവശ്യമായ സിലബസും ഉൾപ്പെടുത്തേണ്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും വിദ്യാർത്ഥികളെ ഉത്തമ പൗരന്മാരായി വളർത്തുന്നതിനും ഈ പുത്തൻ പാഠ്യപദ്ധതി മുതൽക്കൂട്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ലഹരി വിരുദ്ധ സന്ദേശം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യത്തെ അറബ് രാജ്യമായി കുവൈറ്റ്.
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



