കുവൈത്ത് സിറ്റി : നിലവിലെ സാഹചര്യങ്ങളെ തുടർന്ന് എല്ലാ ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ചേർന്ന് സമഗ്രവും സജ്ജവുമായ അടിയന്തര പദ്ധതി നടപ്പിലാക്കി വരികയാണെന്ന് കുവൈത്തിലെ പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് അൽ-സബാഹ് വ്യക്തമാക്കി.
ജാബർ ആശുപത്രിയിൽ പരിക്കേറ്റവരെ സന്ദർശിച്ച ശേഷം കുവൈത്ത് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംഭവങ്ങൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. ഇത് ഭീതിയും ആശങ്കയും പരത്താൻ ഇടയാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭക്ഷണവും കുടിവെള്ളവും സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ഉറപ്പുനൽകി. നിരവധി സഹകരണ സംഘങ്ങളും കുവൈത്ത് ഫ്ലവർ മിൽസ് കമ്പനിയും സന്ദർശിച്ചപ്പോൾ ഉൽപാദനം സാധാരണ ദിവസങ്ങളിലേതിനെക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. കുടിവെള്ള സംഭരണവും പതിവിലേതിന്റെ മൂന്നിരട്ടിയിലധികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇതിലും കടുത്ത ദിവസങ്ങൾ നമ്മൾ നേരിട്ടിട്ടുണ്ട്. ഭയം ഹൃദയത്തിൽ നിന്ന് നീക്കുക — ഇത് താൽക്കാലിക ഘട്ടമാണ്, കടന്നുപോകും,” എന്നും മന്ത്രി ആശ്വാസം നൽകി.


