കുവൈത്ത് സിറ്റി : രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമുള്ള ഉപഭോക്തൃ സഹകരണ സംഘങ്ങൾ പൂർണ്ണ ശേഷിയോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളും മതിയായ ശേഖരത്തോടെ ലഭ്യമാണ്, ക്ഷാമമില്ലെന്നും കുവൈത്തിലെ സാമൂഹികകാര്യ, കുടുംബ, ബാല്യകാര്യ മന്ത്രി ഡോ. അംഥാൽ അൽ-ഹുവൈല അറിയിച്ചു.
മന്ത്രാലയം ദിവസേന നിരീക്ഷണം നടത്തുകയും സഹകരണ സംഘങ്ങളുടെ ബോർഡുകളുമായും ബന്ധപ്പെട്ട നിയന്ത്രണ ഏജൻസികളുമായും നേരിട്ട് സഹകരിക്കുകയും ചെയ്യുന്നതായി അവർ പറഞ്ഞു. “കുവൈത്തിലെ ഭക്ഷ്യസുരക്ഷ സ്ഥിരവും ആശ്വാസകരവുമാണ്. സപ്ലൈ ചെയിനുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു,” എന്നും മന്ത്രി വ്യക്തമാക്കി.
ഗോഡൗണുകൾ പൂർണ്ണ നിലയിലാണെന്നും, നിലവിലെ ആവശ്യത്തിനും ഭാവിയിലെ ആവശ്യങ്ങൾക്കും മതിയാകുന്ന രീതിയിൽ അടിസ്ഥാന സാധനങ്ങൾ ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. തന്ത്രപ്രധാന ശേഖരങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരണം തുടരുന്നുവെന്നും അറിയിച്ചു.
“സാഹചര്യങ്ങൾ സമാധാനപരമായി മുന്നോട്ട് പോകുന്നു. എല്ലാവർക്കും ആവശ്യമായ സാധനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ സർക്കാർ പൂർണ്ണ പ്രതിബദ്ധമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ തിരക്കുകൾ ഒഴിവാക്കണമെന്നും ,” മന്ത്രി പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു. അഭ്യൂഹങ്ങൾക്ക് വഴങ്ങാതെ ശാന്തത പാലിക്കണമെന്നും അവർ പറഞ്ഞു.


