കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് വീരമൃത്യു വരിച്ച രണ്ട് കുവൈത്തി സൈനിക ഉദ്യോഗസ്ഥരെ സൈനിക ബഹുമതികളോടെ കുവൈത്ത് സംസ്കരിച്ചു.
ലെഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറ്രഹ്യും മേജർ ഫഹദ് അബ്ദുലഅസീസ് അൽ-മുജമ്മദ്യും സുലൈബിഖാത്ത് ശ്മശാനത്തിൽ അന്തിമവിശ്രമം പ്രാപിച്ചു. രാജ്യസുരക്ഷയ്ക്കായി സേവനമനുഷ്ഠിക്കുന്നതിനിടെ ഇറാന്റെ ആക്രമണത്തിൽ നിന്നുള്ള മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്നാണ് ഇരുവരും വീരമൃത്യു വരിച്ചത്.
സൈനിക ബഹുമതികളോടെ നടന്ന അന്തിമയാത്രയ്ക്ക് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ് നേതൃത്വം നൽകി. കൂടാതെ സൈനിക-സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും കമാൻഡർമാരും ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ അർപ്പിച്ച സൈനികരെ കുവൈത്ത് ജനത ആദരവോടെ അനുസ്മരിച്ചു.


