കുവൈറ്റ് സിറ്റി: കുട്ടികളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കണമെന്നും തീവ്രവാദ ഉള്ളടക്കങ്ങൾ, സംശയാസ്പദമായ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ, തെറ്റായ ഓൺലൈൻ സ്വാധീനങ്ങൾ എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കണമെന്നും മാതാപിതാക്കളോട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ഭീകരസംഘടനയായ ഐസിസുമായി ബന്ധപ്പെടുകയും ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്ത രണ്ട് പ്രായപൂർത്തിയാകാത്തവരെ (Minors) അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രാലയം ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.
“ഡിജിറ്റൽ ലോകത്ത് നിങ്ങളുടെ കുട്ടികൾ: നിങ്ങളുടെ ഉത്തരവാദിത്തം” എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ബോധവൽക്കരണ സന്ദേശത്തിലാണ് കുടുംബങ്ങളുടെ പങ്കിനെക്കുറിച്ച് മന്ത്രാലയം വ്യക്തമാക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ കാണുന്ന ഉള്ളടക്കങ്ങൾ, അവർ ആശയവിനിമയം നടത്തുന്ന വ്യക്തികൾ, അക്കൗണ്ടുകൾ എന്നിവയെക്കുറിച്ച് മാതാപിതാക്കൾക്ക് കൃത്യമായ ധാരണയുണ്ടാകണം. കൂടാതെ കുട്ടികളുടെ ഇന്റർനെറ്റ് അനുഭവങ്ങളെക്കുറിച്ച് അവരുമായി തുറന്ന സംഭാഷണങ്ങൾ നടത്താനും മന്ത്രാലയം നിർദ്ദേശിക്കുന്നു.
തീവ്രവാദ ആശയങ്ങളുടെയും തെറ്റായ പെരുമാറ്റങ്ങളുടെയും അപകടങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കാനും, രാജ്യത്തോടുള്ള കൂറ്, രാജ്യസ്‌നേഹം, നിയമത്തോടുള്ള ആദരവ് എന്നീ മൂല്യങ്ങൾ അവരിൽ വളർത്താനും കുടുംബങ്ങളോട് ആഹ്വാനം ചെയ്തു.ഡിജിറ്റൽ ലോകത്തെ അപകടങ്ങളിൽ നിന്നും തീവ്രവാദ സ്വാധീനങ്ങളിൽ നിന്നും കുട്ടികളെ സുരക്ഷിതരാക്കാൻ മാതാപിതാക്കളുടെ ജാഗ്രതയും ആശയവിനിമയവും അത്യാവശ്യമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.



