കുവൈത്ത് സിറ്റി: സ്വന്തമായി വീടില്ലാത്ത നിരാലംബരായ കുവൈത്ത് കെഎംസിസി അംഗങ്ങൾക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച നന്മ ഭവന പദ്ധതിയുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് പോസ്റ്റർ പ്രകാശനം ചെയ്തു. കുവൈത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പറുമായി സഹകരിച്ച് സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് ഈ കാരുണ്യ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.
ഫർവാനിയ കെഎംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് ഡോ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഗ്രാൻഡ് ഹൈപ്പർ COO ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ബിരിയാണി ചലഞ്ചിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം നിർവഹിക്കുകയും ചെയ്തു.ബിരിയാണിക്കായുള്ള ആദ്യ കൂപ്പൺ കുവൈത്ത് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ കാരി, സംസ്ഥാന ശിഹാബ് തങ്ങൾ റിലീഫ് സെൽ ജനറൽ കൺവീനർ താഹ കോട്ടക്കലിന് നൽകി പ്രകാശനം ചെയ്തു.ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, സെക്രട്ടറിമാരായ സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാക്ക് അയ്യൂർ, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ഡോ. ശഹീമ മുഹമ്മദ് എന്നിവർ സംസാരിച്ചു.
താഹിർ ഫൈസിയുടെ ഖിറാഅതോടെ തുടക്കം കുറിച്ച പരിപാടിയിൽ കുവൈത്ത് കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി ഷാഹുൽ ബേപ്പൂർ നന്ദിയും പറഞ്ഞു. സോഷ്യൽ സെക്യൂരിറ്റി സ്കീം വിങ് ജനറൽ കൺവീനർ ഗഫൂർ അത്തോളി സോഷ്യൽ സെക്യൂരിറ്റി സ്കീമിനെക്കുറിച്ചും, ഐടി വിംഗ് ജനറൽ കൺവീനർ സദഖത്തുള്ള ഐടി വിംഗ് നടപ്പിലാക്കുന്ന കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. ബിരിയാണി ചലഞ്ചിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം ചടങ്ങിൽ രൂപീകരിച്ചു.



