കുവൈറ്റ് സിറ്റി: പൗരന്മാരുടെയും രാജ്യത്തുള്ള പ്രവാസികളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ ലൈനുകളും മറ്റ് ടെലികോം സേവനങ്ങളും പരിശോധിക്കുന്നതിനായി ‘മൈ നമ്പേഴ്സ്’ എന്ന പുതിയ സേവനവുമായി കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി. രാജ്യത്തെ പ്രമുഖ ഗവൺമെന്റ് ആപ്പായ ‘സഹൽ’ വഴിയാണ് ഈ സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തങ്ങളുടെ പേരിലുള്ള കണക്ഷനുകളുടെ കൃത്യത പരിശോധിച്ച് സുതാര്യത ഉറപ്പുവരുത്തുന്നതിനുമാണ് അതോറിറ്റി ഈ സൗകര്യം ആരംഭിച്ചിട്ടുള്ളത്.
സഹൽ ആപ്പിലെ സിട്ര സേവനങ്ങൾ തിരഞ്ഞെടുത്ത് ‘മൈ നമ്പേഴ്സ്’ വിഭാഗത്തിൽ പ്രവേശിച്ചാൽ ടെലികോം കമ്പനികളിലായി സ്വന്തം പേരിൽ നിലവിലുള്ള കണക്ഷനുകളുടെ ഏകീകൃത വിവരങ്ങൾ കാണാൻ സാധിക്കും. ഓരോ സേവനദാതാക്കളുടെയും അടുക്കൽ വേറെവേറെ പോയി പരിശോധിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കി ഒറ്റ പ്ലാറ്റ്‌ഫോമിൽ തന്നെ മുഴുവൻ വിവരങ്ങളും ലഭ്യമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അറിയാതെ സ്വന്തം പേരിൽ എടുത്തിട്ടുള്ളതോ തിരിച്ചറിയാൻ കഴിയാത്തതോ ആയ കണക്ഷനുകൾ ഉണ്ടെങ്കിൽ അത് പെട്ടെന്ന് ശ്രദ്ധയിൽപ്പെടാനും തട്ടിപ്പുകൾ ഒഴിവാക്കാനും ഇത് സഹായിക്കും.
ഈ സേവനം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ ആദ്യം സഹൽ ആപ്ലിക്കേഷൻ തുറന്ന് അതിലെ സിട്ര സർവീസസ് തിരഞ്ഞെടുക്കേണ്ടതുണ്ട്. തുടർന്ന് ‘മൈ നമ്പേഴ്സ്’ സർവീസ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളുടെയും മറ്റ് ടെലികോം സേവനങ്ങളുടെയും സമ്പൂർണ്ണ പട്ടിക പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും. സ്വന്തം പേരിലുള്ള ടെലികോം അക്കൗണ്ടുകൾ കൃത്യമായി നിരീക്ഷിക്കാനും വിവരങ്ങൾ സുരക്ഷിതമായി നിലനിർത്താനും ഈ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



