കുവൈറ്റ് സിറ്റി: കുവൈറ്റിലെ ജഹ്റ ഗവർണറേറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ നടത്തിയ വിപുലമായ പരിശോധനയിൽ 40 നിയമലംഘനങ്ങൾ കണ്ടെത്തി. മനുഷ്യഉപയോഗത്തിന് തീർത്തും യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചതും വിതരണം ചെയ്തതുമാണ് ഇതിൽ പ്രധാനം. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 5 ഭക്ഷ്യ സ്ഥാപനങ്ങൾ അധികൃതർ പൂട്ടിച്ച് സീൽ ചെയ്തു.
ഗവർണറേറ്റിന് കീഴിലുള്ള വെയർഹൗസുകളിലും ഫാക്ടറികളിലും അതോറിറ്റി അംഗീകരിച്ച നിയമങ്ങളും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പ്രത്യേക പരിശോധനാ ക്യാമ്പയിനിലാണ് ഈ നടപടി.ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യത്തെ വിവിധ ഭക്ഷ്യ സ്ഥാപനങ്ങളിൽ തുടർച്ചയായ പരിശോധനകളും കർശന നിരീക്ഷണവും തുടരുമെന്ന് അതോറിറ്റി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.



