കുവൈത്ത് സിറ്റി, ഓഗസ്റ്റ് 19: കുവൈത്തിൽ ഇന്നും വ്യാഴാഴ്ചയും അതിശക്തമായ ചൂടിനൊപ്പം സജീവമായ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്നും ഇതുമൂലം പൊടിപടലങ്ങൾ ഉയർന്ന് ദൂരക്കാഴ്ച ഗണ്യമായി കുറയുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ കാലാവസ്ഥയിൽ ക്രമേണ പുരോഗതി ഉണ്ടാകുമെന്നാണ് പ്രവചനം.ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ സ്വാധീനവും അതിനോടൊപ്പമുള്ള അത്യന്തം ചൂടും വരണ്ടതുമായ വായുപ്രവാഹവുമാണ് നിലവിലെ കാലാവസ്ഥയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചു.
വടക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 കിലോമീറ്ററിന് മുകളിൽ എത്താൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ മണലും പൊടിയും ഉയരുന്നതിനാൽ പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയാകാം. കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.ഇന്നും നാളെയും പകൽ സമയത്ത് അതിശക്തമായ ചൂടും പൊടിക്കാറ്റും അനുഭവപ്പെടും. രാത്രിയിൽ ചൂട് തുടരുമെങ്കിലും വൈകുന്നേരത്തോടെ പൊടിയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച പുലർച്ചെ മുതൽ കാറ്റിന്റെ ശക്തി കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്യും.
പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 35 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷ.ആസ്ത്മ, അലർജി, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, കുട്ടികൾ, വയോധികർ എന്നിവർ അത്യാവശ്യമായ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്നും പൊടിയിൽ നിന്ന് സംരക്ഷണം നൽകുന്ന മാസ്കുകൾ ധരിക്കണമെന്നും അധികൃതർ നിർദേശിച്ചു.



