കുവൈറ്റ് സിറ്റി: കുവൈറ്റിലെ സെവന്ത് റിംഗ് റോഡിലുള്ള പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ 2026 മോഡൽ ഏഷ്യൻ കാറിന്റെ എഞ്ചിനിൽ നിന്ന് പെട്ടെന്ന് പുകയുയർന്ന് തീപിടിച്ചു. ഡ്രൈവർ സമയോചിതമായി പുറത്തിറങ്ങുകയും, പെട്രോൾ പമ്പ് ജീവനക്കാരുടെ സഹായത്തോടെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു.ഇവരുടെ വേഗത്തിലുള്ള ഇടപെടൽ കാരണം തീ മറ്റ് ഭാഗങ്ങളിലേക്കും ഇന്ധന പമ്പുകളിലേക്കും പടരുന്നത് തടയാനും വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു.
ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ നിന്നും അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ജനറൽ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ആവശ്യമായ പരിശോധനകൾ നടത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി കാർ നിർമ്മാതാക്കളായ ഏജൻസിയോട് സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പോലീസും ഫയർ ഫോഴ്സും അന്വേഷണം ആരംഭിച്ചു.



