കുവൈത്ത് സിറ്റി: രാജ്യസേവനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ സന്ദർശിച്ച് കുവൈത്ത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദി. അൽ സബാഹ് ആശുപത്രിയിൽ കഴിയുന്ന ഉദ്യോഗസ്ഥന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ചു വരുന്നതായും മന്ത്രി അറിയിച്ചു. സമീപകാലത്തുണ്ടായ അക്രമസംഭവങ്ങൾക്കിടെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലാണ് ഇദ്ദേഹത്തിന് പരിക്കേറ്റതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന ഉദ്യോഗസ്ഥനെ ഇപ്പോൾ വെന്റിലേറ്ററിൽ നിന്നും മാറ്റിയിട്ടുണ്ട്. വിദഗ്ധമായ മെഡിക്കൽ പ്ലാൻ അനുസരിച്ചുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്കും അദ്ദേഹം വിധേയനായിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി അശ്രാന്തം പരിശ്രമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനങ്ങളെ മന്ത്രി സന്ദർശന വേളയിൽ പ്രകീർത്തിച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കുവൈത്തിന്റെ ആരോഗ്യസംവിധാനം സജ്ജമാണെന്നും ദേശീയ പ്രതികരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ ഉദ്യോഗസ്ഥന് മികച്ച ചികിത്സ ഉറപ്പാക്കിയ മെഡിക്കൽ സംഘത്തിന്റെ പ്രയത്നങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. രാജ്യത്തോടുള്ള കടമ നിർവഹിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വീരപുത്രന് എല്ലാവിധ പിന്തുണയും ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കുമെന്നും ആരോഗ്യ മന്ത്രാലയം ഉറപ്പുനൽകി.
