കുവൈത്ത് സിറ്റി: മാനുഷിക മൂല്യങ്ങളുടെയും സ്നേഹത്തിൻ്റെയും ചരിത്ര ലിപികളാൽ അടയാളപ്പെടുത്തപ്പെട്ട ‘അൽ-സൽമി’ എന്ന കുവൈറ്റ് എണ്ണക്കപ്പൽ വീണ്ടും ലോകശ്രദ്ധയിലേക്ക്. എന്നാൽ പന്ത്രണ്ട് വർഷം മുൻപ് ലോകത്തിൻ്റെ ആദരവ് ഏറ്റുവാങ്ങിയ ആ വീരോചിതമായ ഓർമ്മകളെയല്ല, മറിച്ച് ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായ നിന്ദ്യമായ ആക്രമണത്തിൻ്റെ നടുക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദുബായ് തുറമുഖത്തെ ആങ്കറേജ് ഏരിയയിൽ സുരക്ഷിതമായി നിർത്തിയിട്ടിരുന്ന ഈ ഭീമൻ എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണം രാജ്യാന്തര നിയമങ്ങളുടെയും ധാർമ്മിക മൂല്യങ്ങളുടെയും നഗ്നമായ ലംഘനമായി വിലയിരുത്തപ്പെടുന്നു.മനുഷ്യത്വം മരിച്ചിട്ടില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്ത ഒരു ഉജ്ജ്വല ചരിത്രം ഈ കപ്പലിനുണ്ട്. 2014-ൽ മെഡിറ്ററേനിയൻ കടലിലൂടെയുള്ള യാത്രയ്ക്കിടെ, ഇറ്റാലിയൻ തീരത്തിന് സമീപം അപകടത്തിൽപ്പെട്ട 225-ഓളം മനുഷ്യജീവനുകളെ മരണത്തിൻ്റെ വായിൽ നിന്ന് രക്ഷിച്ചെടുത്തത് ഇതേ അൽ-സൽമിയായിരുന്നു. അന്ന് തൻ്റെ നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച്, കടലിൽ മുങ്ങിത്താഴ്ന്ന നിസ്സഹായരായ മനുഷ്യർക്ക് ജീവൻ്റെ കാവലാളായി മാറിയ ഈ കപ്പൽ കുവൈറ്റിൻ്റെ മാനുഷിക മുഖമായാണ് ആഗോളതലത്തിൽ അറിയപ്പെട്ടിരുന്നത്. കടൽനിയമങ്ങളോടും മനുഷ്യത്വത്തോടുമുള്ള കുവൈറ്റിൻ്റെ പ്രതിബദ്ധതയുടെ അടയാളമായിരുന്നു ആ ദൗത്യം.
എന്നാൽ ഇന്ന് ആ സ്മരണകളെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള നീക്കം ഉണ്ടായിരിക്കുന്നത്. വെറുമൊരു എണ്ണക്കപ്പലിനെ തകർക്കുക എന്നതിലുപരി, സഹായഹസ്തം നീട്ടുന്ന കുവൈറ്റിൻ്റെ ധാർമ്മിക മൂല്യങ്ങളെക്കൂടിയാണ് ഈ ആക്രമണം ലക്ഷ്യം വെച്ചിരിക്കുന്നത്. കുവൈറ്റിൻ്റെ എണ്ണ-ഊർജ്ജ മേഖലകളെ രാജ്യത്തിനകത്തും പുറത്തും തകർക്കാൻ ഇറാൻ നടത്തുന്ന ആസൂത്രിതമായ ക്രിമിനൽ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്. ജീവൻ രക്ഷിച്ച കപ്പലിനെത്തന്നെ ആക്രമണത്തിന് ഇരയാക്കിയതിലൂടെ രാജ്യാന്തര മാനദണ്ഡങ്ങളോടുള്ള വെല്ലുവിളിയാണ് ഇറാൻ ഉയർത്തിയിരിക്കുന്നത്.
