കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ ഇറാൻ നടത്തിയ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ ആകാശത്തുവെച്ച് തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചതായും ഇവ ഉടനടി നീക്കം ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ച 298 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
മന്ത്രാലയ വക്താവ് ബ്രിഗേഡിയർ നാസർ ബൂസ്ലൈബ് നടത്തിയ മൂന്നാമത് മാധ്യമ വിശദീകരണത്തിലാണ് രാജ്യത്തിന്റെ സുരക്ഷാ സജ്ജീകരണങ്ങളെക്കുറിച്ചും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും വ്യക്തമാക്കിയത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ വിവിധ സുരക്ഷാ വിഭാഗങ്ങൾ സജ്ജമാണെന്നും ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ അതീവ ജാഗ്രതയോടെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന് നേരെയുണ്ടായ ഹീനമായ ഈ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വീരമൃത്യു വരിച്ച ബോർഡർ സെക്യൂരിറ്റി വിഭാഗത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ മന്ത്രാലയം ആദരവോടെ സ്മരിച്ചു. ലഫ്റ്റനന്റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഹ്, മേജർ ഫഹദ് അബ്ദുൽ അസീസ് അൽ-മുഹമ്മദ് എന്നിവരാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ രക്തസാക്ഷികളായത്. മാതൃരാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിച്ച ഇവരുടെ ത്യാഗം രാജ്യം എന്നും അഭിമാനത്തോടെ ഓർക്കുമെന്ന് ബ്രിഗേഡിയർ നാസർ ബൂസ്ലൈബ് പറഞ്ഞു.
നിലവിലെ പ്രതിസന്ധി മറികടക്കാൻ സൈനിക-സുരക്ഷാ സ്ഥാപനങ്ങൾ തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന സംയുക്ത കൺട്രോൾ റൂമുകൾ വഴി ഏത് അടിയന്തര സാഹചര്യത്തെയും വേഗത്തിൽ നേരിടാൻ സാധിക്കുന്നുണ്ട്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി മിസൈൽ അവശിഷ്ടങ്ങൾ വീണ ഭാഗങ്ങളിൽ പരിശോധന പൂർത്തിയാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. പൗരന്മാരും താമസക്കാരും ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


