കുവൈറ്റ് സിറ്റി: അപ്രതീക്ഷിതമായുണ്ടാകുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും അവർക്ക് സുരക്ഷിതബോധം ഉറപ്പുവരുത്തുന്നതിനും മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പ്രശസ്ത ശിശുമനഃശാസ്ത്ര വിദഗ്ധ ഡോ. ഫാത്തിമ അൽ-മൂസവി.
ചുറ്റുപാടും നടക്കുന്ന സങ്കീർണ്ണമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ കുട്ടികൾക്ക് വിവരിച്ചുകൊടുക്കുന്നത് അവരുടെ ഭീതി അകറ്റാൻ സഹായിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ചുള്ള ഭാഷ വേണം ആശയവിനിമയത്തിനായി തിരഞ്ഞെടുക്കാൻ.
കുട്ടികൾ പറയുന്നത് ക്ഷമയോടെ കേൾക്കാനും അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവസരം നൽകാനും രക്ഷിതാക്കൾ തയ്യാറാകണം. കുട്ടികളെ ചേർത്തുപിടിക്കുകയും അവർ സുരക്ഷിതരാണെന്ന ഉറപ്പ് ആവർത്തിച്ച് നൽകുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സങ്കീർണ്ണമായ സാഹചര്യങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാനോ സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാനോ ഉള്ള പ്രാപ്തി ചെറിയ കുട്ടികൾക്ക് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ കാര്യങ്ങൾ ലളിതമായി വിശദീകരിക്കുന്നത് അവരുടെ ഉള്ളിലെ ആശങ്കകൾ കുറയ്ക്കാൻ ഉപകരിക്കുമെന്ന് ഡോ. അൽ-മൂസവി പറഞ്ഞു.
