കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനം മികച്ചതാണെന്ന പ്രശംസയുമായി സുപ്രീംകോടതി. രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതി കേരളത്തെ പ്രശംസിച്ചത്.
ജാർഖണ്ഡ് അടക്കമുള്ള പല സംസ്ഥാനങ്ങളും ഈ സംവിധാനം നടപ്പിലാക്കുന്നതിൽ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേരള പൊലീസിനെയും നിർദേശം നടപ്പിലാക്കിയ കേരള സർക്കാരിനെയും അഭിനന്ദിച്ചു. കേരളത്തെ മാതൃകയാക്കി എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾക്കും ഈ സംവിധാനം നടപ്പിലാക്കിക്കൂടാ എന്ന് ചോദിച്ച കോടതി, ഇതുമായി ബന്ധപ്പെട്ട് കേരളവുമായി ചർച്ച നടത്തണമെന്നും നിർദേശിച്ചു. കേസിന്റെ തുടർന്നുള്ള നടപടികൾക്കായി കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.
