കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെയോടെ രാജ്യത്തിന്റെ പ്രധാന സുരക്ഷാ കേന്ദ്രങ്ങൾ സംരക്ഷിക്കുന്ന മേഖലകളിൽ എത്തിയ 8 ഡ്രോണുകൾ നാഷണൽ ഗാർഡിന്റെ ടാസ്ക് ഫോഴ്സ് തകർത്തതായി നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു.
പ്രധാന സൗകര്യങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷ ശക്തിപ്പെടുത്തുന്നതിനും സാധ്യതയുള്ള ഭീഷണികളെ നേരിടുന്നതിനുമായുള്ള നടപടികളുടെ ഭാഗമായാണ് ഈ ഇടപെടൽ നടത്തിയതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജനങ്ങൾ ബന്ധപ്പെട്ട അധികാരികൾ പുറത്തിറക്കുന്ന സുരക്ഷാ നിർദേശങ്ങളും മുൻകരുതൽ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
നാഷണൽ ഗാർഡ് സൈന്യം, പോലീസ്, കുവൈത്ത് ഫയർ ഫോഴ്സ് എന്നിവരുമായി ചേർന്ന് ഉയർന്ന ജാഗ്രതയോടെയും പൂർണ്ണ സജ്ജതയോടെയും പ്രവർത്തിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ഏത് ശ്രമങ്ങളെയും ശക്തമായി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

