കുവൈറ്റ് സിറ്റി: താമസിക്കാൻ നൽകിയ ഫ്ലാറ്റിൽ നിന്ന് സ്വർണം മോഷ്ടിച്ച അറബ് വംശജനായ കെട്ടിട സെക്യൂരിറ്റിയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഹവല്ലി ഗവർണറേറ്റിലെ ഒരു ഫ്ലാറ്റിൽ നിന്ന് ഏകദേശം 750 ദിനാർ (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ) വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്. പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി. തന്റെ ഭാര്യയുടെ സ്വർണാഭരണങ്ങൾ കിടപ്പുമുറിയിലെ ലോക്കറിൽ നിന്ന് നഷ്ടപ്പെട്ടതായി ഒരു കുവൈറ്റ് പൗരൻ ഹവല്ലി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഫ്ലാറ്റ് വൃത്തിയാക്കാൻ വേണ്ടിയാണ് ഉടമ കെട്ടിട സൂക്ഷിപ്പുകാരനെ താക്കോൽ ഏൽപ്പിച്ചത്. എന്നാൽ ജോലി കഴിഞ്ഞ് ഉടമ തിരിച്ചെത്തിയപ്പോൾ ലോക്കർ തകർത്ത നിലയിലും അതിലുണ്ടായിരുന്ന സ്വർണം നഷ്ടപ്പെട്ട നിലയിലുമാണ് കണ്ടത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ കെട്ടിട സൂക്ഷിപ്പുകാരനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.മോഷ്ടിച്ച സ്വർണം തന്റെ ഒരു സുഹൃത്തിന് വിറ്റതായാണ് പ്രതി മൊഴി നൽകിയത്. എന്നാൽ സ്വർണം വാങ്ങിയ വ്യക്തിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതി പിടിയിലായ വിവരം അറിഞ്ഞ് ഇയാൾ ഒളിവിൽ പോയതാകാമെന്ന് പോലീസ് സംശയിക്കുന്നു.


