കുവൈറ്റ് സിറ്റി: സൈക്കോതെറാപ്പി, സൈക്കോളജിക്കൽ കൗൺസിലിംഗ് എന്നീ മേഖലകളിലെ അനാധികൃത കടന്നുകയറ്റങ്ങൾ തടയുന്നതിനും സേവനങ്ങൾ ക്രമീകരിക്കുന്നതിനുമായി നിർണ്ണായക നീക്കവുമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. ഗവൺമെന്റ്, സ്വകാര്യ മേഖലകളിൽ ഈ മേഖലയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിംഗ് ശരിയായി നിയന്ത്രിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി 2026-ലെ 225-ാം നമ്പർ മന്ത്രാലയ ഉത്തരവ് പുറപ്പെടുവിച്ചു.
മനഃശാസ്ത്ര ചികിത്സയുടെ മറവിൽ നടക്കുന്ന അശാസ്ത്രീയവും വ്യാജവുമായ അവകാശവാദങ്ങളെയും അംഗീകാരമില്ലാത്ത ചികിത്സാ രീതികളെയും പൂർണ്ണമായും തുടച്ചുനീക്കുകയാണ് പുതിയ ഉത്തരവിന്റെ പ്രധാന ലക്ഷ്യം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഏതൊരു ചികിത്സാ സേവനവും നൽകുന്നതിനും പ്രചരിപ്പിക്കുന്നതിനും പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ആസ്ട്രൽ പ്രൊജക്ഷൻ, എനർജി തെറാപ്പി, സ്പിരിച്വൽ ഹീലിംഗ്, റെയ്ക്കി (Reiki), പ്രാണിക് ഹീലിംഗ്, ക്രിസ്റ്റൽ ആൻഡ് സ്റ്റോൺ തെറാപ്പി, കോസ്മിക് ഹീലിംഗ്, സ്റ്റാർ സീഡ്സ്, ചക്ര അഥവാ ഓറ എനർജി ഫീൽഡ് ആക്റ്റിവേഷൻ തുടങ്ങിയ അശാസ്ത്രീയ രീതികളും പ്രവർത്തനങ്ങളും പുതിയ ഉത്തരവിലൂടെ കർശനമായി നിരോധിച്ചവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സേവനം തേടിയെത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ശാസ്ത്രീയ അടിത്തറയില്ലാത്ത പ്രവൃത്തികൾ തടയാനും ശക്തമായ നടപടികളാണ് മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.



