കുവൈത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി Turbos Badminton Club, Blood Donors Kerala (BDK) – Kuwait Chapter സംയുക്തമായി 2026 ആഗസ്റ്റ് 14-ന് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ക്ലബ് സെക്രട്ടറി ശ്രീ. അർജുൻ എസ്. നായർ സ്വാഗത പ്രസംഗം നടത്തി. ടർബോസ് ബാഡ്മിന്റൺ ക്ലബ് പ്രസിഡന്റ് ശ്രീ. അജോ തോമസ് ഉദ്ഘാടനം ചെയ്തു.
ടർബോസ് ബാഡ്മിന്റൺ ക്ലബ് പ്രോഗ്രാം കോർഡിനേറ്ററും അഡ്വൈസറി കമ്മിറ്റി അംഗവുമായ ശ്രീ. കൃഷ്ണകുമാർ നന്ദിപ്രസംഗം നടത്തി.ബ്ലഡ് ഡോണേഴ്സ് കേരളയെ പ്രതിനിധീകരിച്ച് BDK ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ, BDK ജനറൽ കൺവീനർ നിമിഷ് കാവാലം എന്നിവർ ആശംസകൾ നേർന്നു. BDKയുടെ വിവിധ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും അവർ വിശദീകരിച്ചു. മാനുഷികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ ടർബോസ് ബാഡ്മിന്റൺ ക്ലബ് നടത്തുന്ന സജീവ ഇടപെടലുകളെ അവർ പ്രത്യേകം അഭിനന്ദിക്കുകയും ക്ലബ്ബിന് ആശംസകൾ നേരുകയും ചെയ്തു. ആദ്യമായിട്ടാണ് ഒരു ബാഡ്മിന്റൺ ക്ലബ് കുവൈറ്റിൽ BDKയുമായി സഹകരിച്ചു രകതദാനം നടത്തുന്നത് എന്നും മറ്റുള്ള ക്ലബുകൾക്ക് ഇതൊരു പ്രചോദനം ആകണം എന്നും അവർ അറിയിച്ചു.
ടർബോസ് ബാഡ്മിന്റൺ ക്ലബ് ട്രഷറർ ശ്രീ. ശരത് ഇമ്മട്ടി, ഇവന്റ് കൺവീനേഴ്സ് ശ്രീ. ജോമിൻ, ശ്രീ.ഷിബു, ശ്രീമതി ധന്യ രഞ്ജിത്, ശ്രീമതി ശിൽപ കോർഡിനേറ്റർമാരായ ശ്രീ. അശ്വിൻ, ശ്രീ. വിജിൻ, ശ്രീമതി നയന എന്നിവരും ടർബോസ് ബാഡ്മിന്റൺ ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളും ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഭാരവാഹികളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.രക്തദാന ക്യാമ്പിൽ ടർബോസ് ബാഡ്മിന്റൺ ക്ലബ് അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്തു. ക്ലബ്ബിലെ 40-ലേറെ പേർ രക്തദാനം നടത്തി.
ക്യാമ്പിൽ പങ്കെടുത്ത് രക്തദാനം ചെയ്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് ആദരിച്ചു. കുവൈത്തിലെ രക്തദാന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനൊപ്പം സമൂഹത്തിനുവേണ്ടിയുള്ള ഒരു മഹത്തായ സേവന പ്രവർത്തനത്തിൽ പങ്കാളികളാകാനും ഇതിലൂടെ അംഗങ്ങൾക്ക് സാധിച്ചു.ക്യാമ്പിന്റെ വിജയത്തിനായി സഹകരിച്ച എല്ലാ രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും സംഘാടകർക്കും BDK ഭാരവാഹികൾക്കും മറ്റ് പിന്തുണച്ചവർക്കും ടർബോസ് ബാഡ്മിന്റൺ ക്ലബ് നന്ദി അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളെ സാമൂഹിക പ്രതിബദ്ധതയുടെയും സേവനത്തിന്റെയും സന്ദേശവുമായി ബന്ധിപ്പിച്ച് അർത്ഥവത്താക്കാൻ ഈ രക്തദാന ക്യാമ്പിലൂടെ സാധിച്ചു. സമൂഹക്ഷേമത്തിനും മാനുഷിക സേവനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകി ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ടർബോസ് ബാഡ്മിന്റൺ ക്ലബ് അറിയിച്ചു.രക്തദാന ക്യാമ്പുകളോ ബോധവൽക്കരണ പരിപാടികളോ സംഘടിപ്പിക്കാൻ താൽപര്യമുള്ള സംഘടനകളും കൂട്ടായ്മകളും 69997588 എന്ന നമ്പറിൽ BDK Kuwait Chapter-റുമായി ബന്ധപ്പെടാവുന്നതാണ്.



