കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് സ്വാതന്ത്ര്യദിനാഘോഷവും “പ്രവാസി ക്ഷേമവും സുരക്ഷയും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 15ന് ഫർവാനിയ മെഡെക്സ് കെയർ മെഡിക്കൽ സെന്ററിൽ നടന്ന ആഘോഷം മെഡെക്സ് മെഡിക്കൽ ഗ്രൂപ്പ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു. കെ.ഡി.എൻ.എ പ്രസിഡന്റ് ഇല്യാസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു.

സാമൂഹിക പ്രവർത്തകയും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ഗിരിജ വിജയൻ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. നോർക്ക റൂട്ട്സ് സേവനങ്ങൾ, പ്രവാസി ക്ഷേമ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ, ക്ഷേമനിധി, നോർക്ക റൂട്ട്സ് രജിസ്ട്രേഷൻ, മടങ്ങിയെത്തുന്ന പ്രവാസികൾക്കുള്ള പുനരധിവാസം തുടങ്ങിയ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ചു. തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകി.കെ.ഡി.എൻ.എയുടെ 15-ാം വാർഷികവും തദവസരത്തിൽ ആഘോഷിച്ചു. സംഘടനയുടെ രൂപീകരണം മുതൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ കൈവരിച്ച വളർച്ചയും പ്രവർത്തനങ്ങളും കുവൈത്തിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ കെ.ഡി.എൻ.എ നടത്തിയ ഇടപെടലുകളും ഫൗണ്ടർ മെമ്പറും അഡ്വൈസറി ബോർഡ് അംഗവുമായ കൃഷ്ണൻ കടലുണ്ടി വിശദീകരിച്ചു.
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് അംഗം സുരേഷ് മാത്തൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വിമൻസ് ഫോറം പ്രസിഡന്റ് രജിത തുളസീധരൻ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ട്രഷറർ എം.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി റാഫി കല്ലായി, സമീർ വെള്ളയിൽ, അയാൻ മാത്തൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.

കെ.ഡി.എൻ.എ വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രൻ പെരിങ്ങോളം, തുളസീധരൻ തോട്ടക്കര, ജോ. സെക്രട്ടറി ആർ.എൻ. ഷൗക്കത്തലി, ജോ. ട്രഷറർ പ്രത്യുമ്നൻ മൂടാട്ട് ഭാരവാഹികളായ പ്രജു ടി.എം, ഹനീഫ കുറ്റിച്ചിറ, ഹമീദ് പാലേരി, അനസ് പുതിയോട്ടിൽ, ഷാജഹാൻ കളത്തിൽ, ഷാഫി എ.കെ, വിനോദ് നടുവിലയിൽ, സതീഷ് കുമാർ, അനുദീപ് വടക്കയിൽ, ടോം ജോർജ്, അഷറഫ് എം, ഹംസ കോയ, ബാബുപോയിൽ, നസീർ പി.വി ജയലളിതാ കൃഷ്ണൻ, ദില്ലാര ധർമ്മരാജ്, സൗദ ഇബ്രാഹിം, സാജിത നസീർ, റാഫിയ അനസ്, ജിഷ സുരേഷ്, സ്വാതി അനുദീപ്, ബിനിത ടോം, ധന്യ വിനോദ്, ലഷ്പ അബ്ദുറഹ്മാൻ എന്നിവരോടൊപ്പം കേന്ദ്ര, ഏരിയ, വിമൻസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും പരിപാടി ഏകോപിപ്പിച്ചു.
പ്രവാസികളുടെ ക്ഷേമവും സുരക്ഷയും സംബന്ധിച്ച അവബോധം വർധിപ്പിക്കുന്നതിനും വിവിധ സർക്കാർ സേവനങ്ങളും ക്ഷേമ പദ്ധതികളും അർഹരായവർക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി ഇത്തരം ബോധവൽക്കരണ പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.ഡി.എൻ.എ ഭാരവാഹികൾ അറിയിച്ചു.



