കുവൈറ്റ് സിറ്റി: പുതിയ ഉത്തരവിലൂടെ പുകയില ഉൽപ്പന്നങ്ങൾ, ഇ-സിഗരറ്റുകൾ, ഹീറ്റഡ് പുകയില, നിക്കോട്ടിൻ പൗച്ചുകൾ എന്നിവയുടെ വിപണനം, പാക്കേജിങ്, വിൽപ്പന എന്നിവയ്ക്ക് സമഗ്രമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈറ്റ്.
ഉൽപ്പന്ന പാക്കറ്റുകളുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ 50 ശതമാനം ഭാഗത്ത് നിർബന്ധമായും വ്യക്തമായ ആരോഗ്യ മുന്നറിയിപ്പുകൾ പതിപ്പിച്ചിരിക്കണം. ഉൽപ്പന്നങ്ങൾ ‘ആരോഗ്യത്തിന് ഹാനികരമല്ല’ എന്നോ ‘ഹാനികരമായ പ്രഭാവം കുറഞ്ഞതാണ്’ എന്നോ ഉള്ള തരത്തിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകളോ പ്രസ്താവനകളോ ഉപയോഗിക്കാൻ പാടില്ല.
സാമ്പിളുകൾ സൗജന്യമായി വിതരണം ചെയ്യുന്നതും കായിക-സാംസ്കാരിക പരിപാടികൾക്കോ മറ്റ് ആഘോഷങ്ങൾക്കോ സ്‌പോൺസർഷിപ്പ് നൽകുന്നതും പൂർണ്ണമായും നിരോധിച്ചു. കൂടാതെ, കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള ദൃശ്യമാധ്യമ ഉള്ളടക്കങ്ങളിലും വിനോദ പരിപാടികളിലും പുകവലി രംഗങ്ങൾ പ്രദർശിപ്പിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.



