കുവൈത്ത്സിറ്റി: കുവൈത്തിലെ പ്രവാസി സമൂഹത്തിനിടയിൽ സാമൂഹിക-സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒഐസിസി കുവൈത്ത് 13-ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിക്കുന്നു. നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഓണപ്പൊലിമ 2026’ എന്ന പേരിൽ സെപ്റ്റംബർ 25 വെള്ളിയാഴ്ചയാണ് പരിപാടിയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണി മുതലാണ് ആഘോഷപരിപാടികൾ. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഓണസ്മരണകൾ ഉണർത്തുന്ന കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ നടത്തുന്ന ‘ഓപ്പറേഷൻ തൂഫാ’നെ ആസ്പദമാക്കി കേരള വിഷൻ പ്രതിനിധി എ. വി. സുനീഷ് രചനയും സംവിധാനവും നിർവ്വഹിച്ച ‘കലുങ്ക് പറഞ്ഞ കഥ’ എന്ന ലഘുനാടകവും വേദിയിൽ അവതരിപ്പിക്കും.
അച്ചീവേഴ്‌സ് അവാർഡ് ദാനംഒഐസിസി കുവൈത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒഐസിസി കുടുംബത്തിലെ വിദ്യാർത്ഥികൾക്കുള്ള ‘അച്ചീവേഴ്‌സ് അവാർഡ്’ വിതരണവും ചടങ്ങിൽ നിർവ്വഹിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
അടുത്ത 6 മാസത്തെ കർമ്മപദ്ധതികൾ: മെഡിക്കൽ ക്യാമ്പ്, ചികിത്സാ സഹായങ്ങൾ, വിദ്യാഭ്യാസ സഹായം, പാലിയേറ്റീവ് പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, യുവജന-വനിതാ പ്രവർത്തനങ്ങൾ, മോട്ടിവേഷൻ സെമിനാറുകൾ, ചെലവ് കുറഞ്ഞ ചികിത്സക്കായി ക്ലിനിക്കുകളുമായി സഹകരിച്ചുള്ള പാക്കേജുകൾ, വെൽഫെയർ സ്കീം, ബാലവേദി രൂപീകരണം, ജില്ലാ കൺവെൻഷനുകൾ, മെഗാ പ്രോഗ്രാം, അംഗത്വ പ്രചാരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കും.
ഒഐസിസി കെയർ ടീമിന്റെ ജീവകാരുണ്യം: പ്രവാസത്തിനിടയിൽ മരണമടയുന്ന സഹോദരങ്ങളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിലും ബന്ധുക്കൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിലും ഒഐസിസി കെയർ ടീം മുൻപന്തിയിൽ നിൽക്കുന്നു. ഇതിനകം 45 ഭൗതികശരീരങ്ങൾ യഥാസമയം നാട്ടിലെത്തിക്കാൻ കെയർ ടീമിന് സാധിച്ചിട്ടുണ്ട്.
‘ഓൾഡ് ഒഐസിസി മീറ്റ് കേരള 2026’ ഓർമ്മ സംഗമം: ഓഗസ്റ്റ് 16 ഞായറാഴ്ച ആലപ്പുഴ റംദാൻ ഹോട്ടലിൽ വെച്ച് ‘OICC MEET KERALA 2026’ എന്ന പേരിൽ ഓർമ്മ സംഗമം സംഘടിപ്പിച്ചു. ഒഐസിസി കുവൈറ്റിൽ മുൻപ് പ്രവർത്തിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരും പങ്കെടുത്ത സൗഹൃദ സംഗമത്തിൽ ആലപ്പുഴ എംഎൽഎ എ. ഡി. തോമസ്, കുട്ടനാട് എംഎൽഎ റെജി ചെറിയാൻ, കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ്, എഐസിസി അംഗവും കോൺഗ്രസിന്റെ വക്താവുമായ അനിൽ ബോസ്, കെപിസിസി ജനറൽ സെക്രട്ടറിയും ഒഐസിസി കുവൈറ്റിന്റെ ചുമതലയുമുള്ള അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ് തുടങ്ങി 75-ഓളം പേർ പങ്കെടുത്തു.മുൻ പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങരയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഒഐസിസി കുവൈറ്റിന്റെ പ്രയാണം, ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ളയുടെ ശക്തമായ നേതൃത്വത്തിലുള്ള നാഷണൽ കമ്മിറ്റിയുമായി മുന്നോട്ട് പോകുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കോൺഗ്രസ് ആശയങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും സംഘടനയുടെ ഐക്യം വർദ്ധിപ്പിച്ചു മുൻപോട്ടു പോകുമെന്നും ഒഐസിസി കുവൈറ്റ് വ്യക്തമാക്കി.വാർത്താസമ്മേളനത്തിൽ ആക്ടിംഗ് പ്രസിഡന്റ് ബി. എസ്. പിള്ള, ജനറൽ സെക്രട്ടറി എം. എ. നിസാം, ഗ്ലോബൽ കമ്മിറ്റി അംഗം വർഗ്ഗീസ് പുതുക്കുളങ്ങര, വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, സിദ്ദിഖ് അപ്പക്കൻ, ജനറൽ സെക്രട്ടറിമാരായ നിബു ജേക്കബ്, ഇല്ല്യാസ് പുതുവാച്ചേരി എന്നിവർ പരിപാടികൾ വിശദീകരിച്ചു.



