ആലപ്പുഴ: പ്രവാസകാലത്ത് അകന്നുപോയ സൗഹൃദങ്ങളെ വീണ്ടും ചേർത്തുപിടിച്ച്, മുൻകാല ഒഐസിസി പ്രവർത്തകരെ ഒരേവേദിയിൽ വീണ്ടും ഒന്നിപ്പിച്ച് പഴയ ഓർമ്മകൾക്ക് പുതുജീവൻ നൽകി ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒഐസിസി മീറ്റ് – ഓർമ്മസംഗമം 2026’ ആലപ്പുഴ റമദ ഹോട്ടലിൽ ശ്രദ്ധേയമായി.ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ സംഗമം ഉദ്ഘാടനം ചെയ്തു.“പ്രവാസകാലത്ത് ഒരുമിച്ച് പ്രവർത്തിച്ചവരുടെ സൗഹൃദങ്ങളും ബന്ധങ്ങളും കാലം കഴിഞ്ഞാലും നിലനിൽക്കണം. പഴയ സഹപ്രവർത്തകരെ വീണ്ടും ഒന്നിപ്പിക്കുകയും അവരുടെ ഓർമ്മകൾ പുതുതലമുറയിലേക്ക് കൈമാറുകയും ചെയ്യുന്ന ഇത്തരം കൂട്ടായ്മകൾ ഏറെ പ്രസക്തമാണ്. ഒഐസിസി പ്രവർത്തകർ തമ്മിലുള്ള ആത്മബന്ധം സംഘടനയുടെ വലിയ ശക്തിയാണ്,” റെജി ചെറിയാൻ എം.എൽ.എ പറഞ്ഞു.
ആലപ്പുഴ എം.എൽ.എ എ. ഡി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ഒഐസിസി കുവൈറ്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി. എ. അബ്ദുൽ മുത്തലിബ്, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ എബി കുര്യാക്കോസ്, കോൺഗ്രസ് വക്താവ് അഡ്വ. അനിൽ ബോസ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിൽ എസ്. എസ്., ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം എബി വാരിക്കാട് എന്നിവർ ആശംസകൾ നേർന്നു.ചാക്കോ ജോർജ് കുട്ടി, പ്രേംസൺ കായംകുളം, ജോയ് ജോൺ തുരുത്തിക്കര, ക്രിസ്റ്റഫർ ഡാനിയൽ, കൊച്ചാപ്പിള്ളി വിജയഭാനു, കോശി അലക്സാണ്ടർ, അനിൽ കള്ളാർ, സലിം എം. എം., ദിലി പാലക്കാട്, തോമസ് കുരുവിള, ജോസ് ജോർജ് തുടങ്ങിയ മുൻകാല ഒഐസിസി പ്രവർത്തകർ സംഗമത്തിൽ പങ്കെടുത്തു. പ്രവാസകാലത്തെ അനുഭവങ്ങളും സൗഹൃദ ഓർമ്മകളും പങ്കുവെച്ചത് സംഗമത്തിന് വൈകാരികമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു.
ഫോക്ക്ലോർ അവാർഡ് ജേതാവ് ആദർശ് ചിറ്റാർ നയിച്ച നാടൻപാട്ട് സംഗീതവിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായി. അമൃത ആദർശ് പരിപാടി മനോഹരമായി നിയന്ത്രിച്ചു. പഴയ സഹപ്രവർത്തകരുടെ കൂടിക്കാഴ്ച, പ്രവാസകാല ഓർമ്മകളുടെ പങ്കുവെക്കൽ, കലാ-വിനോദ പരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ സംഗമത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു.ബിജു പാറയിൽ, അബ്ദുൾ സലാം, മുരളി എസ്. നായർ, പൊന്നൂസ് മാപ്പിള, പ്രദീപ് ജോസഫ്, ഷിജോ തോമസ്, മാത്യു അച്ചൻകുഞ്ഞ്, നൈനാൻ ജോൺ, അജിത്ത് കല്ലൂരാൻ, രതീഷ് ടി. ആർ., ഷിബു ചെറിയാൻ, ജോൺ വർഗീസ്, റോഷൻ ജേക്കബ്, കലേഷ് ബി. പിള്ള, സാബു തോമസ്, രാജേഷ് പിള്ള, സണ്ണി അമ്പിയിൽ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ കുക്കു സ്വാഗതവും ഒഐസിസി ആലപ്പുഴ ജില്ലാ പ്രസിഡന്റ് മനോജ് റോയ് നന്ദിയും രേഖപ്പെടുത്തി.പ്രവാസത്തിന്റെ തിരക്കുകളിൽ അകന്നുപോയ സൗഹൃദങ്ങൾ വീണ്ടും ഒന്നിച്ചപ്പോൾ, ‘ഓർമ്മസംഗമം – 2026’ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പഴയ ഓർമ്മകളുടെയും ഹൃദയസ്പർശിയായ പുനഃസംഗമമായി മാറി.



