കുവൈറ്റ് സിറ്റി: രാജ്യത്ത് സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫർവാനിയ, ഖൈത്താൻ പ്രദേശങ്ങളിൽ സമഗ്ര സുരക്ഷാ-ട്രാഫിക് പരിശോധന നടത്തി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പോലീസ്, ട്രാഫിക്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
പരിശോധനയിൽ താഴെ പറയുന്ന നടപടികൾ സ്വീകരിച്ചു:
ഗുരുതര കുറ്റകൃത്യങ്ങളിൽപ്പെട്ടവർ: ക്രിമിനൽ കേസുകൾ, ഒളിച്ചോടിയ കേസുകൾ, അറസ്റ്റ് വാറന്റ് നിലനിൽക്കുന്നവർ എന്നിവരുൾപ്പെടെ പിടികിട്ടാപ്പുള്ളികളായ 64 പേർ പിടിയിലായി.
റസിഡൻസി നിയമലംഘകർ: ഇഖാമ നിയമങ്ങൾ ലംഘിച്ച് കഴിയുകയായിരുന്ന 47 പേരെ അറസ്റ്റ് ചെയ്തു.
രേഖകളില്ലാത്തവർ: കൃത്യമായ തിരിച്ചറിയൽ രേഖകൾ കൈവശമില്ലാത്ത 4 പേരെ കസ്റ്റഡിയിലെടുത്തു.
വാഹനങ്ങളും ഗതാഗത ലംഘനങ്ങളും: കേസിൽപ്പെട്ട ഒരു വാഹനം പിടിച്ചെടുക്കുകയും 407 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കാനും നിയമലംഘനങ്ങൾ തടയാനുമായി രാജ്യത്തുടനീളം ഇത്തരം മിന്നൽ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



