കുവൈറ്റ് സിറ്റി: തൊഴിൽ കരാർ അവസാനിക്കുന്ന ഘട്ടത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങളും കടമകളും വിശദീകരിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.
“നിങ്ങളുടെ അവകാശങ്ങൾ അറിയുക: സർവീസ് ആനുകൂല്യങ്ങളും നോട്ടീസ് പീരിയഡും” എന്ന തലക്കെട്ടിലാണ് മാർഗ്ഗനിർദ്ദേശം ഇറക്കിയിരിക്കുന്നത്.നിശ്ചിത കാലാവധിയില്ലാത്ത തൊഴിൽ കരാറുകൾ തൊഴിലുടമ അവസാനിപ്പിക്കുമ്പോൾ നിയമപരമായ നോട്ടീസ് പീരിയഡ് നിർബന്ധമായും പാലിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെയും മറ്റ് ജീവനക്കാർക്ക് ഒരു മാസത്തെയും നോട്ടീസ് പീരിയഡ് നൽകണം. സുഗമമായ തൊഴിൽ മാറ്റം ഉറപ്പാക്കുന്നതിന് ഈ നിയമം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
തൊഴിലുടമ നൽകുന്ന നോട്ടീസ് പീരിയഡ് സമയത്ത് ജീവനക്കാർക്ക് മറ്റ് ജോലികൾ അന്വേഷിക്കുന്നതിനായി ആഴ്ചയിൽ ഒരു പൂർണ്ണ ദിവസമോ അല്ലെങ്കിൽ ആഴ്ചയിൽ എട്ട് മണിക്കൂർ വരെയോ അവധിയെടുക്കാൻ അവകാശമുണ്ട്. ഈ അവധി ദിവസങ്ങളിലെ വേതനം ലഭിക്കാൻ ജീവനക്കാരന് അർഹതയുണ്ടെന്നും കുവൈറ്റ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 44 ചൂണ്ടിക്കാട്ടി അതോറിറ്റി വ്യക്തമാക്കി.
ഇതിനുപുറമെ, സേവന കാലയളവും ശമ്പള രീതിയും അടിസ്ഥാനമാക്കിയുള്ള സർവീസ് ആനുകൂല്യങ്ങൾക്ക് ജീവനക്കാർ അർഹരായിരിക്കും. തൊഴിൽ ജീവിതം അവസാനിക്കുന്നത് കൊണ്ട് തൊഴിലാളിയുടെ അവകാശങ്ങൾ ഇല്ലാതാകുന്നില്ലെന്നും, ഇരുവിഭാഗത്തിന്റെയും സംരക്ഷണം ഉറപ്പാക്കാൻ നിയമപരമായ നടപടികൾ പാലിക്കണമെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.



