കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാപ്പിറ്റൽ ഗവർണറേറ്റിൽ 1.6 ദശലക്ഷം കുവൈറ്റ് ദിനാറിന്റെ (ഏകദേശം 44 കോടിയിലധികം രൂപ) ആറോളം ചെക്കുകൾ മടങ്ങിയ കേസിൽ പ്രവാസി വ്യവസായിയെ ഡിറ്റക്ടീവുകൾ അറസ്റ്റ് ചെയ്തു.
ഫർവാനിയ, ദജീജ്, കാപ്പിറ്റൽ എന്നിവിടങ്ങളിലായി ആറോളം പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ നടത്തിവരുന്ന അറബ് പൗരനാണ് പിടിയിലായത്. വിവിധ കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തത്. നിശ്ചിത തീയതികളിൽ ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനെത്തുടർന്ന് ഇയാൾ നൽകിയ ചെക്കുകൾ മടങ്ങിയതായി പരാതി നൽകിയ കമ്പനികൾ ആരോപിച്ചു.
പ്രാഥമിക ചോദ്യം ചെയ്യലിൽ, താൻ നടത്തുന്ന സ്ഥാപനങ്ങളിൽ നിന്ന് ഈ തുക നൽകാനുള്ള വരുമാനം ലഭിക്കുന്നുണ്ടെന്ന് വ്യവസായി മൊഴി നൽകി. കുടിശ്ശിക തുക തിരിച്ചടയ്ക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കമ്പനികളുമായി ചർച്ചകൾ നടത്തിയിരുന്നതായും എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് അവർ നിയമനടപടികളിലേക്ക് നീങ്ങിയതെന്നും ഇയാൾ അവകാശപ്പെട്ടു. സംഭവത്തിൽ തുടർ നിയമനടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്വത്തുക്കൾ കണ്ടുകെട്ടുമോ അതോ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ അവസരം നൽകുമോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ തീരുമാനമുണ്ടാകും.


