കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലെ സാഹചര്യം മുതലെടുത്ത് സൈബർ ലോകത്ത് വ്യാജ വാർത്തകളും പരിഭ്രാന്തിയും പരത്തുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈത്ത് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ. സൈബർ ആക്രമണങ്ങൾ നടന്നുവെന്നോ ഡാറ്റാ ചോർച്ച ഉണ്ടായെന്നോ അവകാശപ്പെടുന്ന ഗ്രൂപ്പുകളിലോ അക്കൗണ്ടുകളിലോ ചേരുന്നതിനും അവയുമായി ഇടപഴകുന്നതിനും എതിരെ അതോറിറ്റി ജാഗ്രതാ നിർദ്ദേശം നൽകി. ഇത്തരം വാർത്തകൾ ഔദ്യോഗിക സ്ഥിരീകരണമില്ലാതെ പങ്കുവെക്കുന്നത് രാജ്യത്തെ ഡിജിറ്റൽ മേഖലയുടെ സുസ്ഥിരതയെ ദോഷകരമായി ബാധിക്കുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ സെന്റർ വ്യക്തമാക്കി.സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൊതുജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ കാരണമാകും.
അതിനാൽ, പൗരന്മാരും പ്രവാസികളും വാർത്തകളുടെ കൃത്യത ഉറപ്പുവരുത്തണമെന്നും സർക്കാർ അംഗീകരിച്ച ഔദ്യോഗിക ചാനലുകളെ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്നും സൈബർ സെക്യൂരിറ്റി വിഭാഗം അഭ്യർത്ഥിച്ചു. സംശയാസ്പദമായ ലിങ്കുകളോ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കേണ്ടതാണ്. രാജ്യത്തിന്റെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ഇടങ്ങൾ സുരക്ഷിതമായി നിലനിർത്തുന്നതിനും എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.


